15 ഇന്ത്യൻ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക

15 ഇന്ത്യൻ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക

November 2, 2024 0 By BizNews
America sanctions 15 Indian companies

വാഷിങ്ടണ്‍: റഷ്യയ്ക്ക് സൈനിക സഹായം നല്‍കിയെന്ന് ആരോപിച്ച്‌ വിവിധ രാജ്യങ്ങളിലെ 275 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്ക.

ഇതില്‍ 15 ഇന്ത്യൻ കമ്പനികളും ഉള്‍പ്പെടുന്നു. ഇന്ത്യയ്ക്ക് പുറമെ ചൈന, സ്വിറ്റ്സർലൻഡ്. തായ്ലൻഡ്, തുർക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവർക്കും യു.എസ്. ഉപരോധം ഏർപ്പെടുത്തി.
രണ്ട് വർഷത്തിലേറെയായി റഷ്യ അയല്‍രാജ്യമായ യുക്രൈനുമായി യുദ്ധത്തിലാണ്.

അതിനാല്‍ തന്നെ സൈനികമേഖലയിലെ അത്യാധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും റഷ്യയ്ക്ക് ആവശ്യമാണ്. ഇവ നല്‍കിയതിനാണ് ഇത്രയും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ഉപരോധമേർപ്പെടുത്തിയതെന്ന് യു.എസ്. ട്രഷറി വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

‘യുക്രൈനെതിരെ റഷ്യ നടത്തുന്നത് നിയമവിരുദ്ധവും അധാർമ്മികവുമായ യുദ്ധമാണ്. ഈ യുദ്ധത്തില്‍ റഷ്യയ്ക്ക് ആവശ്യമായ സാങ്കേതികവിദ്യകളും ഉപകരണങ്ങളും നല്‍കുന്നവർക്കെതിരെ ലോകവ്യാപകമായി ഞങ്ങളും ഞങ്ങളുടെ സഖ്യകക്ഷികളും നടപടിയെടുക്കുന്നത് തുടരും.’ -യു.എസ്. പ്രസ്താവനയില്‍ അറിയിച്ചു.

അഭാർ ടെക്നോളജീസ് ആൻഡ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ഡെൻവാസ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, എംസിസ് ടെക്, ഗ്യാലക്സി ബെയറിങ്സ് ലിമിറ്റഡ്, ഓർബിറ്റ് ഫിൻട്രേഡ് എല്‍.എല്‍.പി, ഇന്നോവിയോ വെഞ്ച്വേഴ്സ്, കെ.ഡി.ജി. എഞ്ചിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ്, ഖുശ്ബു ഹോനിങ് പ്രൈവറ്റ് ലിമിറ്റഡ്, ലോകേഷ് മെഷീൻസ് ലിമിറ്റഡ്, പോയിന്റർ ഇലക്‌ട്രോണിക്സ്, ആർ.ആർ.ജി. എഞ്ചിനീയറിങ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ഷാർപ്പ്ലൈൻ ഓട്ടോമേഷൻ പ്രൈവറ്റ് ലിമിറ്റഡ്, ശൗര്യ എയ്റോനോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡ്, ഷ്രീഗീ ഇംപെക്സ് പ്രൈവറ്റ് ലിമിറ്റഡ്, ശ്രേയ ലൈഫ് സയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ഇന്ത്യൻ കമ്ബനികള്‍ക്കാണ് യു.എസ്. ഉപരോധം ഏർപ്പെടുത്തിയത്.