സ്വർണം പവൻ വില 59,000ലേക്ക്
October 26, 2024കൊച്ചി: റെക്കോഡുകൾ തിരുത്തി മുന്നേറുന്ന സ്വർണവില പുതിയ ഉയരത്തിലേക്ക്. പവൻവില 59,000നടുത്ത് എത്തിനിൽക്കുകയാണ്. ശനിയാഴ്ച ഗ്രാമിന് 65 രൂപ വർധിച്ച് 7360 രൂപയും പവന് 520 രൂപ വർധിച്ച് 58,880 രൂപയുമായി. ഗ്രാമിൽ 15 രൂപയുടെ കൂടി വർധനയുണ്ടായാൽ പവന് 59,000 രൂപയിലെത്തും.
ഒക്ടോബറിൽ മാത്രം ഗ്രാമിന് 310 രൂപയും പവന് 2480 രൂപയുമാണ് വർധിച്ചത്. രണ്ടുദിവസം മുമ്പ് വിലയിൽ ചെറിയ കുറവ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് കുതിപ്പ് തുടരുകയാണ്. പുതിയ വില അനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ വാങ്ങാൻ ജി.എസ്.ടിയും ഹാൾ മാർക്കിങ് ചാർജും ഉൾപ്പെടെ 64,000 രൂപക്കടുത്ത് നൽകണം. കഴിഞ്ഞവർഷം ഇതേദിവസം ഗ്രാമിന് 5680 രൂപയും പവന് 45,440 രൂപയും ആയിരുന്നു. നിലവിലെ വില കണക്കാക്കുമ്പോൾ യഥാക്രമം 1680 രൂപയും 13,440 രൂപയുമാണ് വ്യത്യാസം. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോക്ക് 82 ലക്ഷം കടന്നു. അന്താരാഷ്ട്ര വിപണിയിൽ വില 2746 ഡോളറിലെത്തി.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. മുന്നേറ്റം തുടർന്നാൽ അടുത്തയാഴ്ച അന്താരാഷ്ട്ര വിപണിയിൽ വില 2800 ഡോളറിൽ എത്തുമെന്നാണ് സൂചന.