റെക്കോഡിലെത്തിയതിന് പിന്നാലെ സ്വർണവില കുറഞ്ഞു

റെക്കോഡിലെത്തിയതിന് പിന്നാലെ സ്വർണവില കുറഞ്ഞു

October 24, 2024 0 By BizNews

കൊച്ചി: റെക്കോഡിലെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 55 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7285 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ 440 രൂപയുടെ കുറവുണ്ടായി. 58,280 രൂപയായാണ് പവന്റെ വില കുറഞ്ഞത്.

യു.എസ് ട്രഷറി വരുമാനം ഉയർന്നതാണ് സ്വർണവില ഉയരുന്നതിനുള്ള പ്രധാനകാരണങ്ങളിലൊന്ന്. യു.എസ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വർണത്തിലെ നിക്ഷേപം വർധിക്കുമെന്നും ഇത് വില വർധനവിന് ഇടയാക്കുമെന്ന വിലയിരുത്തലുകൾക്കിടെയാണ് സ്വർണത്തിന് ഇടിവുണ്ടായിരിക്കുന്നത്.

ഇന്ത്യയിൽ ദീപാവലി ആഘോഷത്തിന് മുന്നോടിയായി സ്വർണത്തിന്റെ വില ഉയരുമെന്ന് റിപ്പോർട്ടുകളുണ്ട്. ആഘോഷകാലത്ത് സ്വർണത്തിന്റെ ഡിമാൻഡ് വർധിക്കുന്നത് വില വർധനക്ക് ഇടയാക്കുമെന്നാണ് റിപ്പോർട്ട്.

 കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ സ്വർണവിലയിൽ 40,000 രൂപയാണ് വർധിച്ചത്. 2015 ആഗസ്റ്റ് ആറിനായിരുന്നു സമീപകാലത്തെ ഏറ്റവും കുറഞ്ഞ വില. അന്ന് 18,720 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണിവില. ഒമ്പത് വർഷങ്ങൾക്കിപ്പുറം 40,000 രൂപ കൂടി. 58,720 രൂപയാണ് ഇന്നത്തെ വില.

ഈ വർഷം മാത്രം റെക്കോർഡുകൾ നിരവധി സൃഷ്ടിച്ച് സ്വർണത്തിന് 32 ശതമാനത്തിലധികം വില കൂടി. 13,200 രൂപയാണ് എട്ടുമാസം കൊണ്ട് കൂടിയത്. ഈ വർഷം ഫെബ്രുവരി 15ന് 45,520 രൂപയായിരുന്നു പവൻ വില.

ഇസ്രായേലിന്റെ ലബനാൻ, ഫലസ്തീൻ ആക്രമണവും ഇറാനുമായുള്ള സംഘർഷാന്തരീക്ഷവും ആസന്നമായ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പുമാണ് സ്വർണ്ണ വിലയിൽ കുതിച്ചുചാട്ടത്തിന് ഇടയാക്കുന്നത്. ഈ സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് സ്വീകാര്യത പതിന്മടങ്ങ് വർധിക്കുന്നതാണ് ഡിമാന്റ് കൂടാൻ ഇടയാക്കുന്നത്.