ക്രൂഡ് ഓയിൽ വരുമാനത്തോടുള്ള ആശ്രിതത്ത്വം കുറയ്ക്കാൻ റഷ്യ
October 14, 2024 0 By BizNewsമോസ്കൊ: ക്രൂഡ് ഓയിലിനോടുള്ള ആശ്രിതത്ത്വം കുറയ്ക്കാൻ റഷ്യ. രാജ്യത്തിന്റെ ബജറ്റിൽ ഓയിൽ & ഗ്യാസ് വിലയിലെ ചാഞ്ചാട്ടങ്ങൾ സ്വാധീനം ചെലുത്താതിരിക്കാനാണ് ശ്രമം. ഇന്ധന വിലയിലെ അസ്ഥിരതകൾ റഷ്യയുടെ വരുമാനത്തെയും ബാധിക്കുന്നതാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമെന്ന് റഷ്യൻ ധനമന്ത്രി ആന്റൺ സിലുവനോവ് പറഞ്ഞു. ആഭ്യന്തര സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്നത് ലക്ഷ്യമാണെന്നും അദ്ദേഹം അറിയിച്ചു.
ഏതാനും വർഷങ്ങൾക്കു മുമ്പ് വരെ റഷ്യയുടെ ആകെ ബജറ്റ് വരുമാനത്തിന്റെ 35-40% ഓയിൽ & ഗ്യാസ് വില്പനയിൽ നിന്നുള്ളതായിരുന്നു. എന്നാൽ പിന്നിടുള്ള വർഷങ്ങളിൽ ഇത് 27%, 23% എന്നിങ്ങനെ താഴ്ച്ച നേരിട്ടു. റഷ്യയുടെ ഓയിൽ & ഗ്യാസ് വരുമാനത്തിൽ, ഇക്കഴിഞ്ഞ സെപ്തംബറിൽ, തൊട്ടു മുമ്പത്തെ മാസവുമായി താരമതമ്യം ചെയ്യുമ്പോൾ 0.9% ഇടിവ് നേരിട്ടിരുന്നു. റഷ്യൻ സർക്കാർ ഈ മാസത്തിന്റെ തുടക്കത്തിൽ പ്രസിദ്ധീകരിച്ച കണക്കുകളാണിത്.
സെപ്തംബറിൽ ഓയിൽ & ഗ്യാസ് വില്പനയിലെ ആകെ വരുമാനം 8.13 ബില്യൺ ഡോളറാണ് (771.9 ബില്യൺ റഷ്യൻ റൂബിൾ). ഈ വർഷത്തിലെ സെപ്തംബർ വരെയുള്ള ആദ്യ 9 മാസങ്ങളിൽ റഷ്യയുടെ ഓയിൽ & ഗ്യാസ് വരുമാനം 49.4% എന്ന തോതിലാ് ഉയർച്ച നേടിയത്. ഇത്തരത്തിൽ ആകെ 87.5 ബില്യൺ ഡോളറുകളുടെ (8.33 ട്രില്യൺ റഷ്യൻ റൂബിൾ) വരുമാനമാണ് രാജ്യം നേടിയതെന്ന് ധനമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഓയിൽ & ഗ്യാസ് വില്പനയാണ് റഷ്യയുടെ ഏറ്റവും വലിയ വരുമാന മാർഗം. ഇത് റഷ്യൻ ബജറ്റിൽ നിർണായക സ്വാധീനമാണ് ചെലുത്തുന്നത്. ഫെഡറൽ ബജറ്റിലെ ആകെ വരുമാനത്തിന്റെ ഏകദശം മൂന്നിലൊന്നും ഓയിൽ & ഗ്യാസ് വില്പനയിൽ നിന്നുള്ള വരുമാനമാണ്. അന്താരാഷ്ട്ര തലത്തിൽ ഇന്ധന വില കുറഞ്ഞതും രാജ്യത്തിന്റെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. കൂടുതൽ റിലാക്സ്‍ഡ് ആയ നികുതി ഘടനയും ഇത്തരത്തിൽ ഇന്ധന വരുമാനം കുറയാൻ കാരണമായതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിരുന്നു. അടുത്ത മൂന്ന് വർഷത്തിൽ റഷ്യയുടെ ഇന്ധന വരുമാനം 14% വരെ ഇടിയുമെന്നും ബ്ലൂംബർഗ് റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു.