ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള ഏറ്റവും പ്രധാന കയറ്റുമതി ഇനമായി സ്മാർട്ട്ഫോണുകൾ
October 2, 2024 0 By BizNewsന്യൂഡൽഹി: ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ഐറ്റമായി സ്മാർട്ട്‌ഫോണുകൾ. ആപ്പിൾ ഐഫോണുകൾ ആണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനം. കയറ്റുമതിയുടെ കാര്യത്തിൽ സ്മാർട്ട്ഫോണുകൾ മറികടന്നതാകട്ടെ, വജ്രത്തെയും. സാമ്പത്തിക വർഷത്തിന്റെ ജൂൺ പാദത്തിൽ രാജ്യത്ത് നിന്ന് 1.44 ബില്യൺ ഡോളറിന്റെ വജ്രങ്ങൾ കയറ്റുമതി ചെയ്തപ്പോൾ സ്മാർട്ട്‌ഫോൺ കയറ്റുമതി 2 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഡിസംബർ പാദത്തിൽ യുഎസിലേക്കുള്ള സ്മാർട്ട്‌ഫോൺ കയറ്റുമതി 1.42 ബില്യൺ ഡോളറിലെത്തിയിരുന്നു. ഇന്ത്യയുടെ സ്മാർട്ട്ഫോൺ കയറ്റുമതിയിലെ വർദ്ധനവ്, മൊബൈൽ ഉപകരണങ്ങൾക്കുള്ള ഇന്ത്യയുടെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) പദ്ധതിയുടെ വിജയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
പിഎൽഐ സ്‌കീം അവതരിപ്പിക്കുന്നതിന് മുമ്പ്, 2019 ൽ ഇന്ത്യയുടെ ആഗോള വിപണിയിലേക്കുള്ള മൊത്തം സ്‌മാർട്ട്‌ഫോൺ കയറ്റുമതി 1.6 ബില്യൺ ഡോളറായിരുന്നു. യുഎസ് വിപണിയിലേക്ക് 5 മില്യൺ ഡോളർ മാത്രം കയറ്റുമതിയാണ് ഈയിനത്തിൽ ഇന്ത്യ നടത്തിയിരുന്നത്. 2023 ആയപ്പോഴേക്കും, ആപ്പിൾ വിവിധ രാജ്യാന്തര വിപണികളിലേക്കായി ഇന്ത്യയിൽ നിന്ന് 5 ബില്ല്യൺ ഡോളർ മൂല്യമുള്ള ഐഫോണുകൾ കയറ്റുമതി ചെയ്തു; ഇത് രാജ്യത്തിൻ്റെ മൊത്തം സ്മാർട്ട്‌ഫോൺ കയറ്റുമതിയെ ഉയർത്തി. 2024ൽ സ്‌മാർട്ട്ഫോണിന്റെ മൊത്തം വാർഷിക കയറ്റുമതി 10 ബില്യൺ ഡോളറായി ഉയർന്നു, ഈ കാലയളവിൽ, യുഎസിലേക്കുള്ള സ്മാർട്ട്‌ഫോൺ കയറ്റുമതി 158 ശതമാനം ഉയർന്ന് 5.56 ബില്യൺ ഡോളറിലെത്തി.
ഇന്ത്യയിൽ നിന്നുള്ള ആപ്പിളിൻ്റെ ഐഫോൺ കയറ്റുമതിയുടെ 50 ശതമാനവും ഇപ്പോൾ യുഎസിലേക്കാണ്. അതേസമയം, മികച്ച വളർച്ചയുണ്ടായിട്ടും, ഇന്ത്യയുടെ സ്മാർട്ട്‌ഫോൺ കയറ്റുമതി യുഎസ് സ്‌മാർട്ട്‌ഫോൺ ഇറക്കുമതി വിപണിയുടെ ഒരു ചെറിയ പങ്ക് മാത്രമാണ്. 2022-ലും 2023-ലും യുഎസ് യഥാക്രമം 66 ബില്യൺ ഡോളറിൻ്റെയും 59.6 ബില്യൺ ഡോളറിൻ്റെയും സ്‌മാർട്ട്‌ഫോണുകൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. കൂടാതെ 55 ബില്യൺ ഡോളറും 46.3 ബില്യൺ ഡോളറും വിലമതിക്കുന്ന ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും യുഎസ് ഇറക്കുമതി ചെയ്തു. ഇത് പ്രധാനമായും ചൈനയിൽ നിന്നും വിയറ്റ്‌നാമിൽ നിന്നുമാണ്.