ഒരമ്മയ്‌ക്ക് രണ്ട് ഗർഭപാത്രം, രണ്ടിലും ഓരോ കുഞ്ഞുങ്ങൾ; അപൂർവമായ ഇരട്ടപ്രസവം

ഒരമ്മയ്‌ക്ക് രണ്ട് ഗർഭപാത്രം, രണ്ടിലും ഓരോ കുഞ്ഞുങ്ങൾ; അപൂർവമായ ഇരട്ടപ്രസവം

September 29, 2024 0 By BizNews

ഇരട്ടകുട്ടികൾക്ക് ജന്മം നൽകുന്നതിൽ പുതുമയൊന്നുമില്ല, എന്നാൽ ചൈനയിൽ റിപ്പോർട്ട് ചെയ്ത ഇരട്ടപ്രസവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. കാരണം ഈ കുട്ടികൾ ജനിച്ചുവീണത് ഒരു ​ഗർഭപാത്രത്തിൽ നിന്നായിരുന്നില്ല. അപൂർവങ്ങളിൽ അപൂർവമായി കണ്ടുവരുന്ന ഒരു സവിശേഷത ആ ചൈനീസ് സ്ത്രീക്കുണ്ടായിരുന്നു. രണ്ട് ​ഗർഭപാത്രങ്ങളുള്ള യുവതി ഓരോന്നിലും ഓരോ കുഞ്ഞിനെ വീതമാണ് എട്ടരമാസക്കാലം പേറിയത്.

ചൈനയിലെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഷാൻസി പ്രവിശ്യയിൽ നിന്നുള്ള ലി എന്ന യുവതിയാണ് അപൂർവ പ്രസവത്തിന് വിധേയയായത്. ലോകത്തിലെ 0.3 ശതമാനം സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന uterus didelphys എന്ന അവസ്ഥയായിരുന്നു ലി എന്ന യുവതിക്ക്. രണ്ട് പൂർണ ​ഗർഭപാത്രങ്ങളാണ് യുവതിക്കുള്ളത്. ഓരോന്നിനും പ്രത്യേകം അണ്ഡാശയങ്ങളുമുണ്ട്. രണ്ട് ഗർഭപാത്രങ്ങളിലും കുഞ്ഞുങ്ങളെ ചുമന്ന ലീ, ഒരാൺകുഞ്ഞിനും ഒരു പെൺകുഞ്ഞിനും ജന്മം നൽകി.

സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. ആൺകുഞ്ഞ് 3.3 കിലോയും പെൺകുഞ്ഞ് 2.4 കിലോയും തൂക്കമുണ്ടായിരുന്നു. രണ്ട് കുഞ്ഞുങ്ങളുടെയും ആരോ​ഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ദശലക്ഷത്തിൽ ഒരാൾക്ക് മാത്രമേ ഇതുപോലെ പ്രസവിക്കാൻ കഴിയൂവെന്ന് ലിയെ ചികിത്സിച്ച ഡോക്ടർമാർ പറയുന്നു. ലിയുടെ രോ​ഗാവസ്ഥയിലുള്ള ഒരാൾക്ക് സ്വാഭാവികമായി ​ഗർഭം ധരിക്കാൻ പ്രയാസമാണ്. എന്നാൽ ഡോക്ടർമാരുടെ ഇടപെടലുകൾ ഇല്ലാതെയാണ് ലി ​ഗർഭിണിയായത്. ഇതിന് മുൻപും ഇവർ ഗർഭിണിയായിരുന്നു. എന്നാൽ ഏതാനും ആഴ്ചകൾ പിന്നിട്ടപ്പോൾ ഗർഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ടു. രണ്ടാമത് ഗർഭിണി ആയപ്പോൾ വളരെ ശ്രദ്ധയോടെയാണ് ലീയെ ഡോക്ടർമാർ പരിപാലിച്ചത്. ഒടുവിൽ ആരോഗ്യമുള്ള രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയായിരുന്നു യുവതി.