ലക്ഷം കോടി ലാഭം നേടി ചരിത്രമെഴുതാന്‍ എസ്ബിഐ

ലക്ഷം കോടി ലാഭം നേടി ചരിത്രമെഴുതാന്‍ എസ്ബിഐ

September 26, 2024 0 By BizNews
SBI to make history by earning lakhs of crores of profit

മുംബൈ: ബാങ്കിംഗ് രംഗത്ത്(Banking Sector) ചരിത്രപരമായ കാൽവെപ്പിനൊരുങ്ങി പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(SBI).

അടുത്ത മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടി രൂപ ലാഭമുണ്ടാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യമെന്ന് എസ്.ബി.ഐ ചെയര്‍മാന്‍ സി.എസ് ഷെട്ടി വ്യക്തമാക്കി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം എസ്.ബി.ഐയുടെ മൊത്ത ലാഭം 61,077 കോടി രൂപയായിരുന്നു. 21.59 ശതമാനം വളര്‍ച്ച. ഒരു ലക്ഷം കോടിയിലേറെ രൂപ ലാഭമുണ്ടാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാകാനാണ് ലക്ഷ്യമിടുന്നത്.

ലാഭമുണ്ടാക്കല്‍ ബാങ്കിന്റെ പ്രധാന ലക്ഷ്യമാണെങ്കിലും കസ്റ്റമര്‍ കേന്ദ്രീകൃതമായ നയങ്ങള്‍ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോര്‍പ്പറേറ്റ് ലോണുകള്‍ ശക്തിപ്പെടുത്തും
സ്വകാര്യമേഖലയില്‍ കോര്‍പ്പറേറ്റ് ലോണുകള്‍ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ 4 ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് ലോണുകളുടെ പരിഗണനയാണ് മുന്നിലുള്ളത്.

വിവിധ മേഖലകളിലെ വികസനത്തിന് കോര്‍പ്പറേറ്റ് വായ്പാ ആവശ്യങ്ങള്‍ വരുന്നുണ്ട്. റോഡുകള്‍, ഊര്‍ജ്ജം, റിഫൈനറി തുടങ്ങിയ ഇന്‍ഫ്ര മേഖലകളില്‍ നിന്നാണ് വായ്പകള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുള്ളത്.

അവര്‍ക്ക് ഉയര്‍ന്ന പരിഗണന കൊടുക്കുന്നതിനൊപ്പം സര്‍ക്കാരിന്റെ പൊതു ചെലവുകള്‍ക്കുള്ള ഫണ്ട് നല്‍കുന്നതിനും മുന്‍ഗണനയുണ്ടാകും.

പൊതു-സ്വകാര്യ മേഖലകളിലെ ഉയരുന്ന ചെലവുകള്‍ക്കനുസരിച്ചുള്ള ഫണ്ട് വിനിയോഗമാണ് പിന്തുടരുന്നതെന്നും സി.എസ് ഷെട്ടി പറഞ്ഞു.