എന്‍ടിപിസി ഗ്രീന്‍ എനര്‍ജിയുടെ ഐപിഒ നവംബര്‍ ആദ്യവാരത്തിൽ ഉണ്ടായേക്കും

എന്‍ടിപിസി ഗ്രീന്‍ എനര്‍ജിയുടെ ഐപിഒ നവംബര്‍ ആദ്യവാരത്തിൽ ഉണ്ടായേക്കും

September 25, 2024 0 By BizNews
The IPO of NTPC Green Energy is likely to happen in the first week of November

മുംബൈ: എന്‍ടിപിസി ഗ്രീന്‍ എനര്‍ജിയുടെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ/ipo) നവംബര്‍ ആദ്യവാരം വിപണിയിലെത്തിയേക്കുമെന്ന്‌ ഇകണോമിക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഐപിഒയ്‌ക്ക്‌ മുമ്പായി കമ്പനി മുംബൈയിലും സിങ്കപ്പൂരിലും റോഡ്‌ഷോകള്‍ നടത്തും.

10,000 കോടി രൂപ സമാഹരിക്കുന്നതിനായി നടത്തുന്ന പബ്ലിക്‌ ഇഷ്യു ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും. എന്‍ടിപിസിയുടെ സബ്‌സിഡറിയായ എന്‍ടിപിസി ഗ്രീന്‍ എനര്‍ജി കഴിഞ്ഞയാഴ്‌ചയാണ്‌ ഐപിഒ നടത്തുന്നതിനായി ഡ്രാഫ്‌റ്റ്‌ പേപ്പറുകള്‍ സെബിക്ക്‌ സമര്‍പ്പിച്ചത്‌.

പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയായിരിക്കും എന്‍ടിപിസി ഗ്രീന്‍ എനര്‍ജി നടത്തുന്നത്‌. പ്രൊമോട്ടര്‍മാര്‍ ഓഫര്‍ ഫോര്‍ സെയില്‍ വഴി ഓഹരി വില്‍പ്പന നടത്തുന്നതല്ല. 2022ല്‍ എല്‍ഐസി നടത്തിയ 21,000 കോടി രൂപയുടെ ഐപിഒക്കു ശേഷം ഒരു പൊതുമേഖലാ കമ്പനി നടത്തുന്ന ഏറ്റവും വലിയ പബ്ലിക്‌ ഇഷ്യു ആയിരിക്കും ഇത്‌.

ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 7500 കോടി രൂപ സബ്‌സിഡറിയായ എന്‍ടിപിസി റിന്യൂവബ്‌ള്‍ എനര്‍ജി ലിമിറ്റഡിന്റെ കടം ഭാഗികമായോ പൂര്‍ണമായോ തിരിച്ചടക്കുന്നതിനായി വിനിയോഗിക്കും. ബാക്കി തുക പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കായി വകയിരുത്തും.

മഹാരത്‌ന പൊതുമേഖലാ കമ്പനിയായ എന്‍ടിപിസി ഗ്രീന്‍ എനര്‍ജി സൗരോര്‍ജം, വിന്റ്‌ പവര്‍ തുടങ്ങിയ പുനരുപയോഗക്ഷമമായ വൈദ്യുതിയുടെ ഉല്‍പ്പാദന മേഖലയിലാണ്‌ വ്യാപരിച്ചിരിക്കുന്നത്‌.

ആറ്‌ സംസ്ഥാനങ്ങളില്‍ കമ്പനി വൈദ്യുതി ഉല്‍പ്പാദനം നടത്തുന്നു. നിലവില്‍ സൗരോര്‍ജ പദ്ധതികളുടെ ഉല്‍പ്പാദന ശേഷി 3071 മെഗാവാട്ടും വിന്റ്‌ പവര്‍ പദ്ധതികളുടെ ശേഷി 100 മെഗാവാട്ടുമാണ്‌.

2032 ഓടെ 60 ജിഗാവാട്ട്‌ പുനരുപയോഗക്ഷമമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി കൈവരിക്കുകയാണ്‌ കമ്പനിയുടെ ലക്ഷ്യം.

പബ്ലിക്‌ ഇഷ്യുവിന്റെ പരമാവധി 10 ശതമാനം നിലവിലുള്ള ഓഹരിയുടമകള്‍ക്കുള്ള ക്വാട്ട ആയിരിക്കും.

സെബിക്ക്‌ ഡ്രാഫ്‌റ്റ്‌ പേപ്പറുകള്‍ സമര്‍പ്പിച്ച ദിവസം എന്‍ടിപിസിയുടെ ഓഹരികള്‍ കൈവശം വെക്കുന്ന നിക്ഷേപകര്‍ ഈ ക്വാട്ടയില്‍ ഐപിഒ അപേക്ഷ നടത്തുന്നതിനു യോഗ്യരായിരിക്കും.