പിടിവിട്ട് സ്വർണവില; പവന് 56,000 രൂപ
September 24, 2024കൊച്ചി: സ്വർണവില വീണ്ടും പുതിയ ഉയരം കുറിച്ചു. ഗ്രാമിന് 20 രൂപ വർധിച്ച് 7,000 രൂപയിലും പവന് 160 രൂപ വർധിച്ച് 56,000 രൂപയിലും എത്തി. 55,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം സ്വർണത്തിന്റെ വില. മേയിലെ 55,120 എന്ന സർവകാല റെക്കോഡ് തിരുത്തിയാണ് സ്വർണ വില കുതിച്ചുയർന്നത്.
സെപ്റ്റംബർ രണ്ട് മുതൽ അഞ്ച് വരെ വിലയിൽ വലിയ മാറ്റം രേഖപ്പെടുത്തിയില്ല. സെപ്റ്റംബർ 16ന് സ്വർണ വില വീണ്ടും 55,000 കടന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് തിരുത്തിക്കുറിക്കുകയാണ് ഒരാഴ്ചയായി സ്വർണവില. സെപ്റ്റംബർ മുതൽ വില കുറയുമെന്ന് കരുതിയിരുന്നവരെ ആശങ്കയിലാഴ്ചത്തിയാണ് സ്വർണത്തിന്റെ കുതിപ്പ്.
രാജ്യാന്തര വിപണിയിലെ വില വർധിച്ചതാണ് കേരളത്തിലും വില കൂടാൻ കാരണം. അമേരിക്കയിൽ പലിശ നിരക്ക് കുറക്കുമെന്ന അഭ്യൂഹം ഡോളറിന്റെ മൂല്യത്തെ സ്വാധീനിച്ചതും സ്വർണത്തിന്റെ വില വർധിപ്പിച്ചു.