പിടിവിട്ട് സ്വർണം; വില സർവകാല റെക്കോർഡിൽ
September 21, 2024കൊച്ചി: നാല് മാസത്തെ ഇടവേളക്ക് ശേഷം സ്വർണവില സർവകാല റെക്കോർഡിൽ. സംസ്ഥാനത്ത് ശനിയാഴ്ച ഗ്രാമിന് 75 രൂപ വർധിച്ച് 6,960 രൂപയും പവന് 600 രൂപ വർധിച്ച് 55,680 രൂപയുമായി. രണ്ട് ദിവസത്തിനിടെ പവന് 1,080 രൂപയാണ് വർധിച്ചത്. കഴിഞ്ഞ് മേയ് 20നാണ് ഇതിനുമുമ്പ് വില സർവകാല റെക്കോർഡിൽ എത്തിയത്. അന്ന് ഗ്രാമിന് 6,890 രൂപയും പവന് 55,080 രൂപയുമായിരുന്നു. പുതിയ വിലനിലവാരം അനുസരിച്ച് കേരളത്തിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയും ജി.എസ്.ടിയും ഉൾപ്പെടെ ഒരു പവൻ വാങ്ങാൻ 60,000 രൂപയിലധികം നൽകണം. പണിക്കൂലി കൂടുന്നതനുസരിച്ച് വില വീണ്ടും ഉയരും.
ഇന്ത്യൻ രൂപ ചെറിയ തോതിൽ കരുത്താർജിച്ചിട്ടുണ്ട്. ഡോളറുമായുള്ള വിനിമയത്തിൽ 83.50 രൂപയാണ് ഇപ്പോഴത്തെ മൂല്യം. അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ച ശേഷം സ്വർണ വില വലിയതോതിൽ വർധിച്ചിരുന്നില്ല. പശ്ചിമേഷ്യയിൽ ഉടലെടുത്ത സംഘർഷാവസ്ഥയാണ് ഇപ്പോഴത്തെ വിലവർധനക്ക് കാരണം.