സ്വർണവിലയിൽ വർധന; ഗ്രാമിന് 60 രൂപ കൂടി
September 20, 2024കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വർധന. ഗ്രാമിന് 60 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. 6885 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഉയർന്നത്. പവൻ വില 55,080 രൂപയായും ഉയർന്നു.
അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില ഉയർന്നത്. ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകൾ കുറച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരുകയായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് ഇന്ത്യയിലും ഉണ്ടായത്.
എം.സി.എക്സ് ഗോൾ ഫ്യൂച്ചർ നിരക്ക് ഉയർന്നിട്ടുണ്ട്. 10 ഗ്രാം സ്വർണത്തിന്റെ വില 73,619 രൂപയായാണ് വർധിച്ചത്. ഫെഡറൽ റിസർവ് വായ്പപലിശ നിരക്കുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ സ്വർണവില ഔൺസിന് 2,599.92 ഡോളർ എന്ന നിലയിൽ നിരക്ക് ഉയരുകയായിരുന്നു. പിന്നീട് വില ഇടിയുകയും ചെയ്തു.
ഇന്ത്യൻ ഓഹരി വിപണികളും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ബോംബെ സൂചിക സെൻസെക്സ് 520 പോയിന്റാണ് ഇന്ന് ഉയർന്നത്. സെൻസെക്സ് 83,705 പോയിന്റിലേക്ക് എത്തി. ദേശീയ സൂചിക നിഫ്റ്റി 156 പോയിന്റ് ഉയർന്ന് 25,571പോയിന്റിലാണ് നിഫ്റ്റിയുടെ വ്യാപാരം പുരോഗമിക്കുന്നത്.
ജെ.എസ്.ഡബ്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, നെസ്‍ല, എൽ&ടി, എം&എം, അദാനി പോർട്സ് തുടങ്ങിയ കമ്പനികൾ തുടക്കത്തിൽ തന്നെ നേട്ടമുണ്ടാക്കി. എൻ.ടി.പി.സി, ടാറ്റ മോട്ടോഴ്സ്, ഇൻഡസ്‍ലാൻഡ് ബാങ്ക്, ടൈറ്റാൻ, ടി.സി.എസ്, ബജാജ് ഫിനാൻസ് എന്നിവർക്ക് നഷ്ടം നേരിടുകയും ചെയ്തു.