വിപണിയിൽ നിക്ഷേപകര്‍ക്ക് നേട്ടം ആറ് ലക്ഷം കോടി
September 20, 2024 0 By BizNewsമുംബൈ: യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസർവ് നിരക്ക് കുറച്ചത് വൻ നേട്ടമാക്കി ഓഹരി വിപണി. സെൻസെക്സ് 1,300 പോയന്റ് ഉയർന്ന് 84,400 എന്ന റെക്കോഡ് ഉയരത്തിലെത്തി.
നിഫ്റ്റിയാകട്ടെ 25,800 പിന്നിടുകയും ചെയ്തു.
ഇതോടെ ബിഎസ്‌ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്തം വിപണി മൂല്യം 5.6 ലക്ഷം കോടി വർധിച്ച് 471 ലക്ഷം കോടിയിലെത്തി.
ആഗോള വിപണികളിലും നേട്ടം പ്രകടമായിരുന്നു. ഡൗ ജോണ്‍സ് ഇതാദ്യമായി 42,000 പിന്നിട്ടു. എസ്‌ആൻപി സൂചികയും റെക്കോഡ് ഉയരംകുറിച്ചു. ജപ്പാന്റെ നിക്കി രണ്ട് ശതമാനത്തിലധികം നേട്ടത്തിലാണ്.
ഫെഡ് റിസർവ് ഈ വർഷം വീണ്ടും നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലാണ് സൂചികകളില്‍ പ്രതിഫലിച്ചത്. ഫെഡിന്റെ തീരുമാനം റിസർവ് ബാങ്കിനെയും സ്വാധീനിച്ചേക്കാമെന്ന നിരീക്ഷണം രാജ്യത്തെ സൂചികകള്‍ ഏറ്റെടുത്തു. ഡിസംബറിലെ പണനയ യോഗത്തില്‍ നിരക്ക് കുറച്ചേക്കുമെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു.
തുടർച്ചയായി ഏഴാമത്തെ വ്യാപാര ദിനത്തിലും ബാങ്കിങ് ഓഹരികള്‍ നേട്ടമുണ്ടാക്കിയെന്നത് ശ്രദ്ധേയമാണ്. ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയിലെ നേട്ടം നിഫ്റ്റി ബാങ്ക് സൂചികയെ റെക്കോഡ് ഉയരത്തിലെത്തിച്ചു.
ജൂലായില്‍ 1.5ശതമാനവും ഓഗസ്റ്റില്‍ 0.4ശതമാനവും താഴ്ന്ന സൂചിക സെപ്റ്റംബറില്‍ ഇതുവരെ നാല് ശതമാനത്തിലധികം ഉയർന്നു. കഴിഞ്ഞ രണ്ട് വ്യാപാര ദിനങ്ങളില്‍ തിരിച്ചടി നേരിട്ട മിഡ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ വെള്ളിയാഴ്ച തിരിച്ചുവരവ് പ്രകടമായി.
ഫെഡിന്റെ നിരക്ക് കുറയ്ക്കല്‍ രാജ്യത്തെ സൂചികകള്‍ക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. വിദേശ നിക്ഷേപം രാജ്യത്തേക്ക് ആകർഷിക്കുമെന്നതാണ് പ്രധാന നേട്ടം.
യുഎസിലെ പലിശ നിരക്ക് കുറയുന്നതും ഡോളർ ദുർബലമാകുന്നതുമാണ് ഇന്ത്യൻ വിപണിക്ക് അനുകൂലമാകുക.