സ്വർണ ഇറക്കുമതി ഇരട്ടിയായി വർധിച്ചു; ആഗസ്റ്റിൽ റെക്കോഡ് ഉയരത്തിൽ

സ്വർണ ഇറക്കുമതി ഇരട്ടിയായി വർധിച്ചു; ആഗസ്റ്റിൽ റെക്കോഡ് ഉയരത്തിൽ

September 17, 2024 0 By BizNews

ന്യൂഡൽഹി: രാജ്യത്തെ സ്വർണ ഇറക്കുമതി ഇരട്ടിയായി വർധിച്ചു. ആഗസ്റ്റിലാണ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണ ഇറക്കുമതി ഇരട്ടിയായി വർധിച്ചത്. 10.06 ബില്യൺ യു.എസ് ഡോളറിന്റെ ഇറക്കുമതിയാണ് ആഗസ്റ്റിൽ ഉണ്ടായത്. ഇറക്കുതി തീരുവയിലെ ഇളവും ഉത്സവകാലവുമാണ് റെക്കോഡ് സ്വർണ ഇറക്കുമതിക്കുള്ള കാരണം.

2023 ആഗസ്റ്റിൽ 4.93 ബില്യൺ യു.എസ് ഡോളറിന്റെ സ്വർണമാണ് ഇറക്കുമതി ചെയ്തത്. എന്നാൽ ഇത്തവണ റെക്കോഡ് ഭേദിച്ച് ഇറക്കുമതി വൻതോതിൽ ഉയർന്നുവെന്ന് കോമേഴ്സ് സെക്രട്ടറി സുനിൽ ഭരത്‍വാൾ പറഞ്ഞു. കള്ളക്കടത്ത് കുറഞ്ഞതും ഇറക്കുമതി വർധിക്കാനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. കേന്ദ്ര ബജറ്റിൽ സ്വർണത്തിനുള്ള ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്നും ആറ് ശതമാനമായി കുറച്ചിരുന്നു. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യം ഇന്ത്യയാണ്.

അതേസമയം, കുതിപ്പിന് പിന്നാലെ ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവുണ്ടായ. പവന് 120 രൂപ കുറഞ്ഞ് 54,920 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഈ മാസത്തെ ഏറ്റവുമുയർന്ന വിലയായ 55,040 രൂപയായിരുന്നു. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 6865 രൂപയാണ് ഇന്നത്തെ ഗ്രാം വില.

സെപ്റ്റംബർ രണ്ടിന് 53,360 രൂപയായിരുന്നു സ്വർണവില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്. 11 ദിവസം കൊണ്ട് 1680 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇക്കഴിഞ്ഞ മേയ് 20നായിരുന്നു സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിട്ടത്. അന്ന് പവന് 55,120 രൂപയായിരുന്നു വില.