ലുലു ഇനി മലബാറിലും; കോഴിക്കോട് ലുലു മാൾ തിങ്കളാഴ്ച തുറക്കും

ലുലു ഇനി മലബാറിലും; കോഴിക്കോട് ലുലു മാൾ തിങ്കളാഴ്ച തുറക്കും

September 7, 2024 0 By BizNews

കോഴിക്കോ‌ട്: ലോകോത്തര ഷോപ്പിങ്ങിന്‍റെ നവ്യാനുഭവം മലബാറിന് സമ്മാനിച്ച് കോഴിക്കോട് ലുലു മാൾ ജനങ്ങൾക്കായി തുറക്കുന്നു. മാവൂർ റോഡിന് സമീപം മാങ്കാവിൽ മൂന്നര ലക്ഷം സ്ക്വയർഫീറ്റിലാണ് ലുലു മാൾ ഒരുങ്ങിയിരിക്കുന്നത്. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള മാൾ അന്താരാഷ്ട്ര ഷോപ്പിങ്ങ് അനുഭവമാണ് നൽകുക.

തിങ്കളാഴ്ച രാവിലെ 11 മണി മുതൽ ഷോപ്പിങ്ങിനായി മാൾ തുറക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവയ്ക്ക് പുറമേ വടക്കൻ കേരളത്തിലെ ഏറ്റവും മികച്ച ഇൻഡോർ ഗെയിമിങ്ങ് കേന്ദ്രമായ ഫൺടൂറയും ലുലുവിൽ സജ്ജമാണ്. ഒന്നര ലക്ഷം സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റ്, ലോകത്തെ വിവിധിയിടങ്ങളിൽ നിന്നുള്ള മികച്ച ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തുകയാണ്.

മുൻനിര ബ്രാൻഡഡ് ഉത്പന്നങ്ങൾ മുതൽ മലബാറിലെ കാർഷിക മേഖലയിൽ നിന്നുള്ള പഴം പച്ചക്കറി പാൽ ഉത്പന്നങ്ങൾ വരെ ഹൈപ്പർമാർക്കറ്റിൽ ലഭ്യമാകും. ലോകത്തെ വിവിധകോണുകളിൽ നിന്നുമുള്ള വ്യത്യസ്ഥമായ ഉത്പന്നങ്ങൾ മിതമായ നിരക്കിലാണ് ഉറപ്പാക്കുന്നത്. പലവഞ്ജനങ്ങൾ, മത്സ്യം ഇറച്ചി എന്നിവയ്ക്കായി പ്രത്യേകം കൗണ്ടറുകളുണ്ട്. ഹോട്ട് ഫുഡ് – ബേക്കറി വിഭവങ്ങളുടെ വിപുലമായ ശ്രേണിയും ഒരുക്കിയിട്ടുണ്ട്. കൂടാതെ, വിട്ടുപകരണങ്ങളുടെയും ഡിജിറ്റൽ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെയും ശേഖരവുമായി ലുലു കണക്ടും ആകർഷകമായ ഫാഷൻ ശേഖരവുമായി ലുലു ഫാഷൻസ്റ്റോറും പുതുമയാർന്ന ഷോപ്പിങ്ങ് സമ്മാനിക്കും. ഇതിന് പുറമെ, ഗെംയിമിങ്ങ് സെക്ഷനായ ലുലു ഫൺടൂറ കുട്ടികളുടെ പ്രിയപ്പെട്ട ഇടമാകും. പതിനായിരം സ്ക്വയർ ഫീറ്റിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ‘ഫൺടൂറ’ വടക്കൻ കേരളത്തിലെ ഏറ്റവും മികച്ച ഇൻഡോർ ഗെയിമിങ് സോണാണ്.

വിപുലമായ ഫുഡ് കോർട്ടാണ് മറ്റൊരു പ്രത്യേകത. 500 ൽ അധികം പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാനാകുന്ന സൗകര്യത്തിലാണ് ഫുഡ് കോർട്ട്. കെഎഫ്സി, ചിക്കിങ്ങ്, പിസ ഹട്ട്, ബാസ്കിൻ റോബിൻസ്, ഫ്ലെയിം ആൻ ഗോ, സ്റ്റാർബക്സ് തുടങ്ങി പതിനാറിലേറെ ബ്രാൻഡുകളുടെ ഔട്ട്ലെറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ടിസോട്ട്, സ്കെച്ചേർസ്, സ്വാ ഡയമണ്ട്സ്, സീലിയോ, ലെവിസ്, യുഎസ് പോളോ, എൽപി, അലൻ സോളി, പോഷെ സലൂൺ, ലെൻസ് ആൻഡ് ഫ്രെയിംസ് ഉൾപ്പടെ അമ്പതോളം അന്താരാഷ്ട്ര ബ്രാൻഡുകളുടെ സ്റ്റോറുകളുമുണ്ട്. 1800 വാഹനങ്ങൾ സുഗമമായി പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.