ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സ്‌ ഐപിഒ ഇഷ്യു വില 66-70 രൂപ

ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സ്‌ ഐപിഒ ഇഷ്യു വില 66-70 രൂപ

September 3, 2024 0 By BizNews

മുംബൈ: ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സിന്റെ ഐപിഒയുടെ ഇഷ്യു വില 66-70 രൂപയായി തീരുമാനിച്ചു. 10 രൂപ ഫേസ്‌ വാല്യുവുള്ള 214 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌.

ഐപിഒ സെപ്‌റ്റംബര്‍ 9ന്‌ തുടങ്ങും. സെപ്‌റ്റംബര്‍ 11 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌.

ഉയര്‍ന്ന ഓഫര്‍ വില പ്രകാരം കമ്പനിയുടെ വിപണിമൂല്യം 58,300 കോടി രൂപയായിരിക്കും. 6560 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്‌.

3000 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 3560 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ. ഓഫര്‍ ഫോര്‍ സെയില്‍ വഴി പ്രൊമോട്ടര്‍മാരും ഓഹരിയുടമകളുമാണ്‌ ഓഹരികള്‍ വില്‍ക്കുന്നത്‌.

ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു.

പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക കമ്പനിയുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിന്‌ വിനിയോഗിക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1731 കോടി രൂപയാണ്‌ കമ്പനി കൈവരിച്ച ലാഭം. 38 ശതമാനം വളര്‍ച്ചയാണ്‌ ലാഭത്തിലുണ്ടായത്‌. 2022-23ല്‍ ലാഭം 1258 കോടി രൂപയായിരുന്നു.