പൊതുമേഖല ഉൽപന്നങ്ങൾ ഓൺലൈനിൽ; കെ ഷോപ്പി റെഡി
August 31, 2024തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനു കീഴിലെ പൊതുമേഖല സ്ഥാപനങ്ങളുടെ ഉല്പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് നേതൃത്വത്തിൽ കെ-ഷോപ്പി ഇ-കോമേഴ്സ് പോര്‍ട്ടലിന് തുടക്കമായി.
കെല്‍ട്രോണിന്റെ സഹായത്തോടെ ബി.പി.ടി (ബോര്‍ഡ് ഫോര്‍ പബ്ലിക് സെക്ടര്‍ ട്രാന്സ്ഫര്മേഷന്)യുടെ മേല്‍നോട്ടത്തിലാണ് പോര്‍ട്ടല്‍ തയാറാക്കിയത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് പരമ്പരാഗത ഉല്പന്നങ്ങളുടെ ദൃശ്യപരതയും ബ്രാന്‍ഡ് മൂല്യവും വർധിപ്പിക്കുകയാണു ലക്ഷ്യം. പരമ്പരാഗത ഉൽപന്നങ്ങളുടെ വില്പന പ്രാദേശിക വിപണികള്‍ക്കപ്പുറത്തേക്ക് എത്തിക്കുകയാണ് പോര്‍ട്ടലിന്റെ ഉദ്ദേശ്യം. കേരളത്തിലെ പൊതുമേഖലയുടെ വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള്ക്ക് ആഗോളതലത്തില്‍ പ്രചാരം ലഭിക്കുന്നതിനും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനും അതിലൂടെ അര്‍ഹമായ നേട്ടങ്ങള്‍ അവയ്ക്ക് ലഭിക്കുന്നതിനും ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സഹായകമാകുമെന്ന് സർക്കാർ വിശദീകരിക്കുന്നു. മന്ത്രി പി. രാജീവ് മുന്നോട്ടു വെച്ച ആശയം വ്യവസായ വകുപ്പ്, ബോര്‍ഡ് ഓഫ് പബ്ലിക് സെക്ടര്‍ ട്രാന്സ്ഫര്മേഷന് (ബി.പി.ടി) എന്നിവയുടെ നേതൃത്വത്തിലാണ് യാഥാര്‍ഥ്യമാക്കിയത്.
കെല്‍ട്രോണിന്റെ ഐടി ബിസിനസ് ഗ്രൂപ്പ്- സോഫ്റ്റ് വെയര്‍ വിഭാഗമാണ് വെബ് ആപ്ലിക്കേഷനും മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിച്ചത്. നിലവില്‍ 19 പൊതുമേഖലാ സ്ഥാപനങ്ങളുടെ 350 ഉല്‍പ്പന്നങ്ങള്‍ kshoppe.in ല്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. പോര്‍ട്ടലിന്റെ സുഗമ പ്രവര്‍ത്തനവും വികസനവും മെയിന്റനന്‍സും കെല്‍ട്രോണ്‍ ഉറപ്പാക്കും.
ഭാവിയില്‍, പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഉല്പന്ന ശ്രേണി വിപുലീകരിക്കും. നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങള്‍, വ്യക്തിഗത ഷോപ്പിങ് അനുഭവങ്ങള്‍, അനലിറ്റിക്സ് അടിസ്ഥാനമാക്കിയുള്ള വിപണന സേവനങ്ങള്‍ തുടങ്ങിയവ സംയോജിപ്പിച്ച് കേരളത്തിന്റെ മികച്ച ഇ കൊമേഴ്സ് പോര്‍ട്ടലായി kshoppe.in വികസിപ്പിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.