ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റ്സിന്  ഐ.എഫ്.സിയുടെ 22.2 കോടി ഡോളര്‍ നിക്ഷേപം

ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റ്സിന് ഐ.എഫ്.സിയുടെ 22.2 കോടി ഡോളര്‍ നിക്ഷേപം

May 30, 2019 0 By BizNews
കൊച്ചി: ലോക ബാങ്ക് ഗ്രൂപ്പ് അംഗമായ ഇന്‍റര്‍നാഷനല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐ.എഫ്.സി) ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഫിനാന്‍സ് കമ്പനിയില്‍ 22.2 കോടി ഡോളര്‍ നിക്ഷേപിച്ചു. ഗ്രാമീണ മേഖലയിലേയും അര്‍ധ-നഗര പ്രദേശങ്ങളിലെയും ചെറുകിട, മൈക്രോ സ്ഥാപനങ്ങള്‍ക്ക് സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപം.
ഐ. എഫ്. സിയുടെ വക 9.2 കോടി ഡോളറും ഫസ്റ്റ് അബുദാബി ബാങ്കില്‍ നിന്നും അഞ്ച് കോടി ഡോളറും, എം.യു.എഫ്.ജി ബാങ്കില്‍ നിന്നും അഞ്ച് കോടി ഡോളറും, നാഷനല്‍ ബാങ്ക് റാസല്‍ ഖൈമ പി.ജി.എസ്.സി യില്‍ നിന്ന് രണ്ട് കോടി ഡോളറും സി.ടി.ബി.സി യില്‍ നിന്ന് ഒരു കോടി ഡോളറും ചേര്‍ന്നതാണ് നിക്ഷേപം.
വിദേശ ബാങ്കുകളുടെ നിക്ഷേപ പങ്കാളിത്തത്തോടെ ചോളമണ്ഡലത്തിന് ഫണ്ട് സമാഹരണത്തിന് പുതിയ മേഖല ഐ.എഫ്.സി സാധ്യമാക്കിയിരിക്കുന്നു.  വിദേശ രാജ്യങ്ങളില്‍ നിന്നും ബാങ്കിംഗ് ഇതര മേഖലകള്‍ക്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കാനുള്ള റിസര്‍വ് ബാങ്കിന്‍റെ അനുമതി ലഭിച്ചശേഷം കമ്പനിയുടെ ഈ വര്‍ഷത്തെ ആദ്യ യു.എസ് ഡോളര്‍ ഇടപാടാണിത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ മുഖ്യപങ്ക് വഹിക്കുന്ന ചെറുകിട, മൈക്രോ സ്ഥാപനങ്ങള്‍, ചെറുകിട റോഡ് ഗതാഗത ഓപ്പറേറ്റര്‍മാര്‍ എന്നിവരുടെ പ്രധാന സാമ്പത്തിക ഉറവിടമാണ് ബാങ്കിംഗ് ഇതര വായ്പാമേഖല.