പുതിയ പ്രൈവസി ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്
August 26, 2024 0 By BizNewsഉപയോക്താക്കളെ സ്പാം സന്ദേശങ്ങളിൽ നിന്ന് പരിരക്ഷ നൽകുന്നതിന് മറ്റൊരു പ്രൈവസി ഫീച്ചർ(Privacy Feature) അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്(Whatsapp).
യൂസർനെയിം പിൻ എന്ന പേരിലാണ് ഫീച്ചർ. പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച പുതിയ ഫീച്ചർ, ഉപയോക്ത്യ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അനാവശ്യ സന്ദേശങ്ങൾ തടയാനും ലക്ഷ്യമിട്ടാണ്.
സുരക്ഷ ഉറപ്പാക്കാൻ യൂസർനെയിമിനോട് ചേർന്ന് നാലക്ക പിൻ സജ്ജീകരിക്കാൻ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. ഈ നടപടി സ്പാം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നാണ് വാട്സ്ആപ്പ് വിലയിരുത്തൽ.
മുമ്പ് സന്ദേശങ്ങൾ അയക്കാത്ത ഉപയോക്താക്കൾക്ക് യൂസർനെയിം മാത്രം അറിഞ്ഞ് കൊണ്ട് സന്ദേശം അയക്കാൻ സാധിക്കില്ല. മറിച്ച് സുരക്ഷയുടെ ഭാഗമായി ഉപയോക്താവ് സെറ്റ് ചെയ്ത നാലക്ക പിൻ കൂടി അറിഞ്ഞാൽ മാത്രമേ സന്ദേശം അയക്കാൻ സാധിക്കൂ.
അജ്ഞാതനായ വ്യക്തിയിൽ നിന്ന് വരുന്ന അനാവശ്യ സന്ദേശങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള അധിക സുരക്ഷാ സംവിധാനമാണ് യൂസർനെയിം പിൻ.
ആദ്യമായി സന്ദേശം അയയ്ക്കാൻ ആഗ്രഹിക്കുന്ന ആരായാലും യൂസർനെയിമിനോടൊപ്പം പിൻ നമ്പർ കൂടി അറിഞ്ഞാൽ മാത്രമേ സന്ദേശം അയക്കാൻ സാധിക്കൂ.
നേരെമറിച്ച്, നിങ്ങൾ മുമ്പ് ഇടപഴകിയ കോൺടാക്റ്റുകളുമായുള്ള സംഭാഷണങ്ങൾ സാധാരണ പോലെ തുടരാൻ സാധിക്കും.
നിലവിലെ ചാറ്റുകൾ സാധാരണപോലെ തുടരാൻ കഴിയുമെന്ന് സാരം.