അനിൽ അംബാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ തകർച്ച

അനിൽ അംബാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ തകർച്ച

August 23, 2024 0 By BizNews

നിൽ ധീരുഭായ് അംബാനി ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കും റിലയൻസ് ഹോം ഫിനാൻസിലെ മുൻ ഉന്നത ഉദ്യോഗസ്ഥർക്കും സെബി 5 വർഷത്തെ വിലക്കും കനത്ത പിഴയും വിധിച്ച പശ്ചാത്തലത്തിൽ, ഗ്രൂപ്പിന് കീഴിലെ കമ്പനിയുടെ ഓഹരികൾ ഇന്ന് നേരിട്ടത് വൻ തകർച്ച.

മുഖ്യ കമ്പനിയായ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഓഹരി ബിഎസ്ഇയിൽ 14 ശതമാനത്തിലധികം ഇടിഞ്ഞു. ഓഹരി നിലവിലുള്ളത് 13.34% താഴ്ന്ന് 204 രൂപയിൽ. റിലയൻസ് പവർ 4.99% ഇടിഞ്ഞ് ലോവർ-സർക്യൂട്ടിൽ 34.45 രൂപയിലെത്തി.

മറ്റ് കമ്പനികളായ റിലയൻസ് കമ്മ്യൂണിക്കേഷൻസ്, റിലയൻസ് കാപ്പിറ്റൽ, റിലയൻസ് നേവൽ ആൻഡ് എൻജിനിയറിങ് എന്നിവയുടെ വ്യാപാരം റദ്ദാക്കി. റിലയൻസ് ഹോം ഫിനാൻസ് 5.12% കൂപ്പകുത്തി 4.45 രൂപയിലാണുള്ളത്.

8,000 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണ് റിലയൻസ് ഇൻഫ്രസ്ട്രക്ചർ. കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് 15% നേട്ടം ഓഹരി സമ്മാനിച്ചിരുന്നു; കഴിഞ്ഞ ഒരുമാസത്തിനിടെ 17 ശതമാനവും.

200 കോടി രൂപയ്ക്കടുത്താണ് റിലയൻസ് ഹോം ഫിനാൻസിന്റെ വിപണിമൂല്യം. കഴിഞ്ഞ ഒരുവർഷത്തിനിടെ ഓഹരി 122% കരകയറിയെങ്കിലും പ്രതാപകാലത്തെ അപേക്ഷിച്ച് ഇപ്പോഴും വിലയുള്ളത് വൻ താഴ്ചയിൽ.

13,000 കോടി രൂപയാണ് റിലയൻസ് പവറിന്റെ വിപണിമൂല്യം. ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 100% നേട്ടം സമ്മാനിച്ച ഓഹരിയാണ് റിലയൻസ് പവർ. കഴിഞ്ഞ ഒരുമാസത്തിനിടെ 30 ശതമാനമത്തോളവും മുന്നേറിയിരുന്നു.