ഇന്ത്യയിൽ ജനസംഖ്യ സെന്‍സസിന് അടുത്ത മാസം തുടക്കമായേക്കും
August 22, 2024 0 By BizNewsന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യ കണക്കെടുപ്പിനുള്ള സെൻസസ് അടുത്തമാസം ആരംഭിച്ചേക്കും. സെൻസസ് പൂർത്തിയാക്കാൻ 18 മാസം വേണ്ടിവരുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 2026 മാർച്ചിൽ സെൻസസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സെൻസസ് നടത്തുന്നതിനുള്ള സമയക്രമം കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്റ്റാസ്റ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റ്റേഷൻ മന്ത്രാലയവും തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അംഗീകാരം ലഭിച്ചാൽ ഉടൻ ഈ സമയക്രമം സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കും.
സെൻസസ് വൈകുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. 2021-ൽ പൂർത്തിയാക്കേണ്ട സെൻസസ് കണക്കുകൾ ഇല്ലാത്തതിനാൽ ഇപ്പോഴും കണക്കാക്കുന്നത് 2011 -ലെ ഡാറ്റ ആണ്. അതിനാൽ തന്നെ സർക്കാർ പുറത്തിറക്കുന്ന പല കണക്കുകൾക്കും വിശ്വാസ്യത ഇല്ലെന്ന ആരോപണമാണ് ഉയർന്നിരുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2019 മാർച്ചിൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം 2021-ൽ സെൻസസ് പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് തീരുമാനിച്ചിരുന്നു. സെൻസസ് പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായ ഹൗസ് ലിസ്റ്റിങ് 2020 ഏപ്രിൽ ഒന്നുമുതൽ നടത്തി സെപ്റ്റംബർ 30-ന് മുമ്പ് പൂർത്തിയാക്കാനാണ് തീരുമാനിച്ചിരുന്നത്.
കോവിഡ് 19 വ്യാപനം തുടങ്ങുകയും മാർച്ച് 22-ന് ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ സെൻസസ് പ്രവർത്തനങ്ങളും അവതാളത്തിലായി. 2021 ഫെബ്രുവരി ഒൻപത് മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ജനസംഖ്യാ കണക്കെടുപ്പ് നടത്താൻ തീരുമാനിച്ചെങ്കിലും അതും നടന്നില്ല.