അദാനിക്ക് ശേഷം ആര് ? വൻ വെളിപ്പെടുത്തലിനൊരുങ്ങി ഹിൻഡൻബർഗ്
August 10, 2024ന്യൂഡൽഹി: ഗൗതം അദാനിക്കെതിരായ വെളിപ്പെടുത്തലിലൂടെ പ്രശസ്തരായ ഹിൻഡൻബർഗ് റിസേർച്ച് വീണ്ടും വാർത്തകളിൽ. ഇന്ത്യയെ കുറിച്ച് വലിയ വെളിപ്പെടുത്തൽ നടത്താൻ ഒരുങ്ങുന്നുവെന്നാണ് ഹിൻഡൻബർഗ് എക്സിലെ കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. വൈകാതെ വെളിപ്പെടുത്തലുണ്ടാവുമെന്നും സ്ഥാപനം വ്യക്തമാക്കി. നേരത്തെ അദാനിയെ കുറിച്ചുള്ള വെളിപ്പെടുത്തലിലൂടെയാണ് ഹിൻഡൻബർഗ് വിവാദത്തിലായത്.
കഴിഞ്ഞ വർഷം ജനുവരി 24നാണ് ഹിൻഡൻബർഗ് റിസേർച്ച് അദാനി ഗ്രൂപ്പിനെ രൂക്ഷമായി വിമർശിക്കുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. അദാനി ഗ്രൂപ്പ് ഓഹരി വിൽപനക്കായി ഒരുങ്ങുമ്പോഴായിരുന്നു ഹിൻഡൻബർഗിന്റെ റിപ്പോർട്ട് പുറത്ത് വന്നത്. തുടർന്ന് കമ്പനിയുടെ വിപണിമൂല്യത്തിൽ 86 ബില്യൺ ഡോളറിന്റെ ഇടിവുണ്ടായി.
ലോക സമ്പന്നരുടെ പട്ടികയിൽ മൂന്നാമനായിരുന്ന ഗൗതം അദാനി ഏതാനും ആഴ്ചകൾ കൊണ്ട് 38-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അദാനിയുടെ ആസ്തിയിൽ 80 ബില്യൻ ഡോളറിന്റെ നഷ്ടമുണ്ടായതായാണു വിവരം.
കഴിഞ്ഞ മാസം ഹിൻഡെൻബർഗ് റിസർച്ചിന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) നോട്ടിസ് നൽകിയിരുന്നു. അദാനി ഗ്രൂപ്പ് ഓഹരി തട്ടിപ്പ് വെളിപ്പെടുത്തിയതിലാണു നടപടി. ഹിൻഡൻബർഗ് തന്നെയാണ് കാരണം കാണിക്കൽ നോട്ടിസ് ലഭിച്ച വിവരം പുറത്തുവിട്ടത്. ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചെന്നാണ് നോട്ടിസിൽ പറയുന്നത്.