ഗൗതം അദാനി സ്ഥാനമൊഴിയുന്നു; മക്കളും മരുമക്കളും അദാനി ഗ്രൂപ്പിന്റെ നിയന്ത്രണം ഏറ്റെടുക്കും

ഗൗതം അദാനി സ്ഥാനമൊഴിയുന്നു; മക്കളും മരുമക്കളും അദാനി ഗ്രൂപ്പിന്റെ നിയന്ത്രണം ഏറ്റെടുക്കും

August 5, 2024 0 By BizNews

അദാനി ഗ്രൂപ്പ് ചെയർമാൻ സ്ഥാനം ഒഴിയുകയാ​ണെന്ന് പ്രഖ്യാപിച്ച് ഗൗതം അദാനി. 2030ക​ളുടെ തുടക്കത്തിൽ ചെയർമാൻ സ്ഥാനം ഒഴിയാനാണ് 62കാരനായ അദാനിയുടെ പദ്ധതി. 70 വയസാകുമ്പോഴേക്കും ഗ്രൂപ്പിന്റെ നിയന്ത്രണം മക്കൾക്കും മരുമക്കൾക്കും കൈമാറാനാണ് തീരുമാനം.

സോപ്പ്, എണ്ണ, ഹാൻഡ് വാഷ്, അരി, കൽക്കരി, വൈദ്യുതി എന്നിവയുടെ വിൽപന മുതൽ റോഡ് നിർമാണം, വിമാനത്താവളങ്ങളുടെ പ്രവർത്തന നിയന്ത്രണം, തുറമുഖങ്ങളുടെ നിർമാണവും നിയന്ത്രണവും വരെ കൈയാളുന്നുണ്ട് നിലവിൽ അദാനി ഗ്രൂപ്പ്.

ബിസിനസിന്റെ സുസ്ഥിരതക്ക് തലമുറ മാറ്റം ആവശ്യമാണെന്നാണ് രാജിവെക്കുന്നതിനെ കുറിച്ച് ഗൗതം അദാനി പ്രതികരിച്ചത്. അദാനി അര​ങ്ങൊഴിയുന്നതോടെ മക്കളായ കരൺ, ജീത്, മരുമക്കൾ പ്രണവ്, സാഗർ എന്നിവർ 213 ബില്യൺ ഡോളർ ആസ്തിയുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ അവകാശികളായിരിക്കും. ചെയർമാൻ സ്ഥാനത്തേക്ക് ആദ്യ പരിഗണന അദാനിയുടെ മകൻ കരൺ, മരുമകൻ പ്രണവ് എന്നിവർക്കാണ്. മൂത്ത മകൻ കരൺ നിലവിൽ അദാനി പോർട്സ് മാനേജിങ് ഡയറക്ടറുമാണ്. അദാനിയുടെ ഇളയ മകൻ ജീത് അദാനി നിലവിൽ അദാനി എയർപോർട്സ് ഡയറക്ടറാണ്.

പ്രണവ് അദാനി എൻസർപ്രൈസസിന്റെ മാനേജിങ് ഡയറക്ടറാണ്. മസാച്യുസെറ്റ്സിലെ ബോസ്റ്റൺ യൂനിവേഴ്സിറ്റിയിൽ നിന്നാണ് പ്രണവ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയത്. പിന്നീട് ഹാർവഡ് ബിസിനസ് സ്കൂളിൽ നിന്ന് മാനേജ് മെന്റ് കോഴ്സും പൂർത്തിയാക്കി. 1999ൽ അദാനി വിൽമർ ലിമിറ്റഡിനൊപ്പമാണ് ബിസിനസ് കരിയർ തുടങ്ങിയത്. 2022ൽ കമ്പനിയുടെ ഐ.പി.ഒക്ക് നേതൃത്വം നൽകി. അദാനി അഗ്രി ലോജിസ്റ്റിക്‌സ്, അദാനി അഗ്രി ഫ്രഷ് തുടങ്ങിയ സംരംഭങ്ങളിലൂടെ ഗ്രൂപ്പിന്റെ കാർഷിക മേഖലയിലേക്കുള്ള പ്രവേശനത്തിനും പ്രണവ് നേതൃത്വം നൽകി. കമ്പനിയുടെ മുൻനിര ബ്രാൻഡായ ഫോർച്യൂണിന് ഇന്ത്യയുടെ ഭക്ഷ്യ എണ്ണ വിഭാഗത്തിൽ 20 ശതമാനത്തിലധികം വിപണി വിഹിതമുണ്ട്. നമ്രതയാണ് പ്രണവ് അദാനിയുടെ ഭാര്യ. അദാനി എന്റർപ്രൈസസിന്റെ നോൺ എക്സിക്യൂട്ടിവ് ഡയറക്ടറാണ് നമ്രത. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനുമായി പ്രവർത്തിക്കുന്ന അഭിസാർ എന്ന എൻ.ജി.ഒയും നടത്തുന്നുണ്ട്.

അദാനിയുടെ റിന്യൂവബിൾ എനർജി ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ഗൗതം അദാനിയുടെ സഹോദരൻ രാജേഷ് അദാനിയുടെ മകൻ സാഗർ അദാനി. ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. അദാനി ഗ്രൂപ്പിന്റെ സോളാർ, വിൻഡ് പോർട്ട്‌ഫോളിയോകൾ നിർമിക്കുന്നതിൽ സാഗർ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

കമ്പനിയുടെ വികസനം, തന്ത്രങ്ങൾ, സാമ്പത്തികം എന്നിവയുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിലും പങ്കാളിയാണ്. ഗ്രൂപ്പിലെ പ്രധാന കമ്പനിയായ അദാനി എന്റ‍ർപ്രൈസസ് കഴിഞ്ഞ ജൂൺ പാദത്തിൽ 116 ശതമാനം കുതിപ്പോടെ 1,455 കോടി രൂപയുടെ ലാഭം നേടിയിരുന്നു. ഗുജറാത്തുകാരനായ ഗൗതം അദാനി 1988ലാണ് അദാനി ഗ്രൂപ്പ് തുടങ്ങിയത്.