ബാങ്ക് ജോലി രാജിവെച്ച് യുട്യൂബറായി; ഇപ്പോൾ എട്ട് കോടി വാർഷിക വരുമാനം

ബാങ്ക് ജോലി രാജിവെച്ച് യുട്യൂബറായി; ഇപ്പോൾ എട്ട് കോടി വാർഷിക വരുമാനം

July 13, 2024 0 By BizNews

ന്യൂഡൽഹി: ലണ്ടനിലെ ബാങ്കിങ് മേഖലയി​ൽ വലിയ ശമ്പളത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ് നിസ്ച ഷാ തന്റെ ജോലി രാജിവെച്ചത്. ജോലിയിൽ നിന്നും പടിയിറങ്ങിയതിന് ശേഷം യുട്യൂബിൽ ഭാഗ്യം നോക്കാനായിരുന്നു നിസ്ച ഷായുടെ തീരുമാനം. അങ്ങനെ പൂർണസമയ യുട്യൂബറായ അവർ ഇന്ന് പ്രതിവർഷം എട്ട് കോടി രൂപയാണ് വരുമാനം നേടുന്നത്.

2023ലാണ് ക്രെഡിറ്റ് അഗ്രികോലെയെന്ന ഫ്രഞ്ച് ബാങ്കിൽ നിന്നും നിസ്ച ഷാ രാജിവെച്ചത്. അന്ന് പ്രതിവർഷം രണ്ട് കോടിയായിരുന്നു നിസ്ച ഷായുടെ ശമ്പളം. ഒമ്പത് വർഷത്തെ ബാങ്കിങ് കരിയറാണ് നിസ്ച ഷാ അവസാനിപ്പിച്ചത്. മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള ഒരു വഴി കണ്ടെത്തുകയായിരുന്നു ജോലി രാജിവെക്കുമ്പോഴുള്ള തന്റെ ലക്ഷ്യം. താൻ ബാങ്കിൽ പണിയെടുത്ത് കൊണ്ടിരുന്നത് കോർപ്പറേറ്റുകൾക്കും സ്വതന്ത്ര സർക്കാറുകൾക്കും വേണ്ടിയായിരുന്നുവെന്ന് സി.എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.

2023 ജനുവരിയിൽ ​ജോലി രാജിവെച്ച നിസ്ച ഷാ യുട്യൂബിൽ പൂർണസമയ കണ്ടന്റ് ക്രിയേറ്ററായി. പേഴ്സണൽ ഫിനാൻസുമായി ബന്ധപ്പെട്ട വിഡിയോകളിലൂടെയായിരുന്നു അവർ ശ്രദ്ധേയയായത്. 2023 മെയ് മുതൽ 2024 വരെ യുട്യൂബ് വഴി എട്ട് കോടി രൂപയാണ് അവർ ഉണ്ടാക്കിയത്. മൊണിറ്റൈസേഷന് പുറമേ വിവിധ ഉൽപന്നങ്ങൾ പരിചയപ്പെടുത്തിയും കോഴ്സുകൾ സംഘടിപ്പിച്ചും വിവിധ ബ്രാൻഡുകളുമായി ചേർന്ന് പ്രവർത്തിച്ചുമെല്ലാമാണ് അവർ പണമുണ്ടാക്കിയത്.

യുട്യൂബിൽ ബാങ്കിങ് മേഖലയിൽ നിന്നും ഉണ്ടാക്കിയതിനേക്കാൾ കൂടുതൽ പണമുണ്ടാക്കാൻ തനിക്ക് കഴിഞ്ഞുവെന്ന് നിസ്ച ഷാ പറഞ്ഞു. ബാങ്കിങ്ങിൽ പണത്തെ താൻ തേടുകയായിരുന്നു. എന്നാൽ, യുട്യൂബിൽ പണം തന്നെ തേടിവന്നു. പാഷൻ പിന്തുടരാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും നിസ്ച ഷാ പറഞ്ഞു.

മുഴുവൻ സമയ യുട്യൂബറാകുന്നതിന് മുമ്പ് ഒമ്പത് മാസത്തെ ചെലവിനുള്ള പണം താൻ മാറ്റിവെച്ചിരുന്നുവെന്ന് നിസ്ച ഷാ പറഞ്ഞു. യുട്യൂബിൽ തുടക്കത്തിൽ വലിയ നേട്ടമുണ്ടാക്കാൻ നിസ്ച ഷാക്ക് കഴിഞ്ഞിരുന്നില്ല. 11 മാസമെടുത്താണ് അവർക്ക് ആയിരം സബ്സ്ക്രൈബേഴ്സിനെ ലഭിച്ചത്. എന്നാൽ, ഇൻവെസ്റ്റർ ബാങ്കർ എന്ന നിലയിലുള്ള തന്റെ ജീവിതത്തെ കുറിച്ചുള്ള അവരുടെ വിഡിയോ വൈറലായി. ഇതോടെ അവരുടെ സബ്​സ്ക്രൈസിന്റെ എണ്ണം 50,000 ആയി ഉയർന്നു.

തുടർന്ന് നിങ്ങളെ പാവപ്പെട്ടവനാക്കി എപ്പോഴും നിർത്തുന്ന ശീലങ്ങൾ, ആദ്യമായി സമ്പാദിച്ച 1000 ഡോളർ എങ്ങനെ നിക്ഷേപിക്കാം എന്നി ടൈറ്റിലുകളിലുള്ള നിസ്ച ഷായുടെ വിഡിയോകൾ വൈറലായി. അവരുടെ പല വിഡിയോകൾക്കും നിലവിൽ ഒരു മില്യൺ മുതൽ ഒമ്പത് മില്യൺ വരെ കാഴ്ചക്കാരുണ്ട്.