സെൻസെക്സും നിഫ്റ്റിയും വീണ്ടും റെക്കോഡ് ഉയരത്തിൽ

സെൻസെക്സും നിഫ്റ്റിയും വീണ്ടും റെക്കോഡ് ഉയരത്തിൽ

June 18, 2024 0 By BizNews

മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ വീണ്ടും റെക്കോഡ് നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഊർജ ഓഹരികളിലെ നേട്ടമാണ് വിപണികൾക്ക് കരുത്തായത്. ​ബോംബെ സൂചിക സെൻസെക്സ് 0.22 ശതമാനം നേട്ടത്തോടെ 77,180.69ലാണ് വ്യാപാരം തുടങ്ങിയത്. ദേശീയ സൂചിക നിഫ്റ്റി 0.25 ശതമാനം നേട്ടത്തോടെ 23,523.30ത്തിലാണ് വ്യാപാരം തുടങ്ങിയത്.

ഊർജ ഓഹരികളിൽ 0.5 ശതമാനം നേട്ടമുണ്ടായി. 1.2 ശതമാനം നേട്ടത്തോടെ ഒ.എൻ.ജി.സിയാണ് ഏറ്റവും കൂടുതൽ​ നേട്ടമുണ്ടാക്കിയത്. പെട്രോളിയം കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നികുതി കേന്ദ്രസർക്കാർ കുറച്ചതാണ് ഊർജ ഓഹരികൾക്ക് കരുത്തായത്.ഐ.ടി കമ്പനിയായ വിപ്രോയുടെ ഓഹരി മൂന്ന് ശതമാനമാണ് ഉയർന്നത്.

അതേസമയം, സ്വർണവിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. പവന്റെ വില 80 രൂപയുടെ കുറവാണുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 52,960 രൂപയായാണ് വില കുറഞ്ഞത്. ഗ്രാമിന്റെ വില 10 രൂപ കുറഞ്ഞ് 6620 രൂപയായി. എം.സി.എക്സ് എക്സ്ചേഞ്ചിൽ സ്വർണത്തിന്റെ ഭാവി വിലകളിൽ വർധനയുണ്ടായി.

10 ​ഗ്രാം സ്വർണത്തിന്റെ വില 208 രൂപയാണ് വർധിച്ചത്. 71,658 രൂപയായാണ് വില ഉയർന്നത്. അന്താരാഷ്ട്ര വിപണിയിൽ ​കോമെക്സ് ഗോൾഡിന്റെ വില 0.43 ശതമാനം ഉയർന്ന് ഔൺസിന് 2,339 ഡോളറായി ഉയർന്നു.