7755 കോടിയുടെ 2000 രൂപ നോട്ടുകൾ തിരിച്ചെത്തിയില്ലെന്ന് ആർ.ബി.ഐ
June 3, 2024ന്യൂഡൽഹി: പിൻവലിച്ച 2000 ത്തിന്റെ നോട്ടുകളിൽ റിസർവ് ബാങ്കിൽ തിരിച്ചെത്തിയത് 97.82 ശതമാനം മാത്രം. 7,755 കോടി രൂപയുടെ നോട്ടുകൾ ഇപ്പോഴും പൊതുജനങ്ങളുടെ കൈയിലാണെന്നും റിസർവ് ബാങ്ക് അറിയിച്ചു. കഴിഞ്ഞ വർഷം മേയ് 19 നാണ് 2000 രൂപയുടെ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിച്ചത്. 3.56 ലക്ഷം കോടി രൂപയായിരുന്നു അതുവരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം.
2024 മെയ് 31ലെ കണക്ക് പ്രകാരമാണ് ഇനിയും 7755 കോടിയുടെ 2000 രൂപ നോട്ടുകൾ തിരിച്ചെത്താനുണ്ടെന്ന് ആർ.ബി.ഐ അറിയിച്ചിരിക്കുന്നത്. നോട്ട് പിൻവലിച്ചതിന് ശേഷം 2023 ഒക്ടോബർ ഏഴ് വരെ പഴയ നോട്ടുകൾ മാറ്റിവാങ്ങാൻ പൊതുജനങ്ങൾക്ക് ആർ.ബി.ഐ അവസരമൊരുക്കിയിരുന്നു. 2023 ഒക്ടോബർ ഒമ്പത് മുതൽ നോട്ടുകൾ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാനും അവസരമുണ്ടായിരുന്നു. പോസ്റ്റ് ഓഫീസുകൾ വഴി നോട്ടുകൾ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാനും ആർ.ബി.ഐ അവസരം നൽകിയിരുന്നു.
2016 നവംബറിൽ 500,1000 നോട്ടുകൾ പിൻവലിച്ചതിനെ തുടർന്നാണ് ആർ.ബി.ഐ 2000 രൂപ നോട്ടുകൾ പുറത്തിറക്കിയത്. 2019ൽ തന്നെ ആർ.ബി.ഐ നോട്ടുകളുടെ അച്ചടി നിർത്തിയിരുന്നു. മറ്റ് നോട്ടുകൾ വിപണിയിൽ ആവശ്യത്തിന് ലഭ്യമായതിനെ തുടർന്നാണ് 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതെന്നാണ് അന്ന് ആർ.ബി.ഐ വിശദീകരിച്ചത്.