കശുവണ്ടി ഉല്പാദനം ഇടിഞ്ഞു; വിലയും
March 24, 2024കൊടകര (തൃശൂർ): കാലാവസ്ഥ വ്യതിയാനത്തെത്തുടർന്നുണ്ടായ ഉല്പാദനകുറവ് കശുമാവ് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഉല്പാദനം ഗണ്യമായി കുറഞ്ഞിട്ടും കശുവണ്ടിക്ക് വിപണിയില്‍ വിലയില്ലാത്തതും കര്‍ഷകരെ നിരാശയിലാക്കുന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് മൂന്നിലൊന്ന് പോലും ഇക്കുറി ഉല്പാദനമില്ല.
മഴ നീണ്ടുനിന്നതും ഡിസംബര്‍, ജനുവരി മാസങ്ങളിലുണ്ടാകാറുള്ള മഞ്ഞ് ഇത്തവണ തീരെയില്ലാതായതും കശുമാവുകള്‍ പൂക്കാന്‍ കാലതാമസമുണ്ടാക്കി. പതിവില്ലാത്ത വിധം രണ്ട് മാസത്തോളം വൈകിയാണ് കശുമാവുകള്‍ പൂത്ത് തുടങ്ങിയത്. കഠിനമായ ചൂടും മഴക്കാർ നിറഞ്ഞ അന്തരീക്ഷവും മൂലം പൂക്കുലകള്‍ കരിഞ്ഞതാണ് ഉല്പാദനം കുറയാനിടയാക്കിയത്. പൂക്കുലകളില്‍ കീടശല്യം വര്‍ധിച്ചതും ബാധിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ ഫെബ്രുവരി തുടക്കം മുതലേ മലയോരമേഖലകളിലെ മലഞ്ചരക്ക് കടകളിലേക്ക് കശുവണ്ടി എത്താറുള്ളതാണ്. ഇത്തവണ മാര്‍ച്ച് അവസാനിക്കാറായിട്ടും നാമമാത്രമായാണ് എത്തുന്നത്.
ഉല്പാദനം കുറയുമ്പോള്‍ വില കൂടുമെന്ന പ്രതീക്ഷയും തെറ്റി. ഈ മാസം തുടക്കത്തില്‍ കശുവണ്ടിക്ക് കിലോഗ്രാമിന് 105 രൂപ കിട്ടിയിരുന്നത് ഇപ്പോല്‍ 92 രൂപയായി കുറഞ്ഞു. വേനല്‍മഴ ലഭിക്കുന്നതോടെ വില ഇനിയും ഗണ്യമായി കുറയാനാണ് സാധ്യതയെന്ന് വാങ്ങി സംഭരിക്കുന്ന കര്‍ഷകര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ സീസണ് തുടക്കത്തില്‍ 155 രൂപയോളം കശുവണ്ടിക്ക് വില കിട്ടിയിരുന്നു. ഒരു കാലത്ത് ടണ്‍ കണക്കിന് കശുവണ്ടിയാണ് മറ്റത്തൂര്‍, വരന്തരപ്പിള്ളി, കോടശേരി തുടങ്ങിയ മലയോര പഞ്ചായത്തുകളില്‍ നിന്ന് സംസ്ഥാനത്തെ കശുവണ്ടി ഫാക്ടറികളിലേക്ക് പോയിരുന്നത്. കുന്നിന്‍പ്രദേശങ്ങളിലെ തോട്ടങ്ങള്‍ വെട്ടിമാറ്റപ്പെട്ടതോടെയാണ് കശുവണ്ടി ഉല്പാദനത്തില് മലയോരത്തിനുണ്ടായിരുന്ന കുത്തക നഷ്ടപ്പെട്ടത്. തോട്ടങ്ങളായുള്ള കശുമാവ് കൃഷി കുറഞ്ഞെങ്കിലും വീട്ടുപറമ്പുകളില്‍ വളരുന്ന കശുമാവുകള്‍ ഇപ്പോഴുമുണ്ട്.