സ്വർണവില വീണ്ടും ഉയർന്നു; പവന് 680 രൂപ കൂടി
March 2, 2024കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന്റെ വില 47,000 രൂപയായാണ് കൂടിയത്. 680 രൂപയുടെ വർധനയാണ് ഇന്ന് ഉണ്ടായത്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 46,320 രൂപയായിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ വില 5875 രൂപയായാണ് കൂടിയത്. കഴിഞ്ഞ ദിവസം ഇത് 5790 രൂപയായിരുന്നു. 85 രൂപയുടെ വർധനവാണ് ഗ്രാമിനുണ്ടായത്. യു.എസിലെ പണപ്പെരുപ്പം സംബന്ധിച്ച കണക്കുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തിൽ ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറക്കുമെന്നാണ് അഭ്യൂഹം. ഇത് സ്വർണവില വർധിക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്നാണ്.
ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കാനുള്ള സാധ്യത മുന്നിൽ കണ്ട് കറൻസി മാർക്കറ്റിൽ ലാഭമെടുപ്പ് തുടരുകയാണ്. ഇത് യു.എസ് ഡോളറിന്റെ നിരക്ക് കുറക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. മൾട്ടി കമോഡിറ്റി എക്സ്ചേഞ്ചിൽ 10 ഗ്രാം സ്വർണത്തിന്റെ വില 63,600 രൂപയാണ്. സ്പോട്ട് ഗോൾഡിന്റെ വില ഔൺസിന് 2,082 ഡോളറായും ഉയർന്നു.