ബൈജൂസിന്റെ തലപ്പത്തുനിന്ന് സ്ഥാപകൻ ബൈജു രവീന്ദ്രനെ നിക്ഷേപകർ പുറത്താക്കി
February 23, 2024ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ‘എഡ്ടെക്’ സ്ഥാപനമായ ബൈജൂസിന്റെ തലപ്പത്തുനിന്ന് സ്ഥാപകൻ ബൈജു രവീന്ദ്രനെ നിക്ഷേപകർ പുറത്താക്കി. വെള്ളിയാഴ്ച ചേർന്ന അസാധാരണ പൊതുയോഗത്തിലാണ് ഇതിനുള്ള പ്രമേയം പാസാക്കിയത്. ബൈജു രവീന്ദ്രന്റെ ഭാര്യ ദിവ്യ ഗോകുൽനാഥ്, സഹോദരൻ റിജു രവീന്ദ്രൻ എന്നിവരെയും ബോർഡിൽനിന്ന് പുറത്താക്കിയിട്ടുണ്ട്.
അതേസമയം, അസാധാരണ പൊതുയോഗത്തിന്റെ തീരുമാനം നടപ്പാക്കുന്നത് കർണാടക ഹൈകോടതി താൽക്കാലികമായി വിലക്കി. പൊതുയോഗത്തിനെതിരെ ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ സമർപ്പിച്ച ഹരജിയിലാണ് നടപടി. മാർച്ച് 13ന് അടുത്ത വാദം നടക്കുന്നതുവരെ യോഗ തീരുമാനങ്ങൾ നടപ്പാക്കരുതെന്നാണ് നിർദേശം നൽകിയിട്ടുള്ളത്. കമ്പനിയുടെ സ്ഥാപകരെ മാറ്റി ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിക്കാനാണ് നിക്ഷേപകരുടെ തീരുമാനം. യോഗത്തിൽ പങ്കെടുത്ത നിക്ഷേപകരിൽ 60 ശതമാനം പേരും പ്രമേയത്തെ അനുകൂലിച്ചു. ബൈജു രവീന്ദ്രനും ഭാര്യയും സഹോദരനും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. പൊതുയോഗം പാസാക്കിയ പ്രമേയം തള്ളിക്കളയുന്നതായി ബൈജൂസ് പ്രസ്താവനയിൽ പറഞ്ഞു.
തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിലെ പ്രമുഖ നിക്ഷേപകരായ ജനറൽ അറ്റ്ലാന്റിക്, ചാൻ സക്കർബർഗ് ഇനീഷ്യേറ്റിവ്, ഓൾ വെഞ്ച്വഴ്സ്, പീക് XV പാർട്ണേഴ്സ്, സാൻഡ്സ് കാപിറ്റൽ ഗ്ലോബൽ ഇന്നവേഷൻ ഫണ്ട്, സോഫിന, ടി റോ പ്രൈസ് അസോസിയേറ്റ്സ് എന്നിവരാണ് യോഗം വിളിച്ചുചേർത്തത്. നിക്ഷേപകരെന്ന പേരിൽ സൂം വിഡിയോ കോൺഫറൻസിൽ നുഴഞ്ഞുകയറിയവർ യോഗം അട്ടിമറിക്കാൻ ശ്രമിച്ചതായി നിക്ഷേപകർ ആരോപിച്ചു.
സർ മൈക്കേൽ നൈറ്റ്, നതാലിയ ക്രൂസ്, കെവരിൻ പീറ്റേഴ്സൺ തുടങ്ങിയ പേരുകളിൽ യോഗത്തിനെത്തിയവർ യഥാർഥ നിക്ഷേപകരല്ലെന്ന് പിന്നീട് വ്യക്തമായി. യോഗം റദ്ദാക്കിയെന്ന വ്യാജ സന്ദേശവും തുടക്കത്തിൽ എത്തി. എന്നാൽ, നിശ്ചയിച്ചപോലെ രാവിലെ ഒമ്പതിനുതന്നെ യോഗം ആരംഭിച്ചു. 170ഓളം പേരാണ് യോഗത്തിൽ ഓൺലൈൻ ലിങ്ക് വഴി പങ്കെടുത്തത്. ഇവരിൽ ചിലർ ബൈജൂസിലെ ജീവനക്കാരായിരുന്നു. സൂക്ഷ്മപരിശോധനക്കുശേഷം 37 പേർ ഒഴികെ ബാക്കിയെല്ലാവരെയും പുറത്താക്കി. പങ്കെടുത്ത 37 പേരിൽ എട്ടുപേർ ബൈജൂസിലെ ജീവനക്കാരായ ഓഹരിയുടമകളും അഞ്ചുപേർ ലീഗൽ വിഭാഗത്തിൽനിന്നുള്ളവരുമാണ്. ശേഷിക്കുന്ന 24 പേരായിരുന്നു നിക്ഷേപകർ.
തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിൽ ബൈജുവിനും ഭാര്യക്കും സഹോദരനുംകൂടി 26.3 ശതമാനം ഓഹരിയാണുള്ളത്. അതേസമയം, ബൈജുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന നിക്ഷേപകർക്ക് 30 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
അതിനിടെ, കമ്പനിയിലെ സാമ്പത്തിക കെടുകാര്യസ്ഥതക്കെതിരെ നാല് നിക്ഷേപകർ നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻ.സി.എൽ.ടി) ബംഗളൂരു ബെഞ്ചിനെ സമീപിച്ചു. കമ്പനി നടത്തിക്കൊണ്ടുപോകാൻ സ്ഥാപകർ അനുയോജ്യരല്ലെന്ന് പ്രഖ്യാപിക്കുക, പുതിയ ഡയറക്ടർ ബോർഡിനെ നിയമിക്കുക, അവകാശി ഓഹരി പുറപ്പെടുവിച്ചത് അസാധുവാക്കുക, കമ്പനിയിൽ ഫോറൻസിക് ഓഡിറ്റ് നടത്തുക തുടങ്ങിയവയാണ് നിക്ഷേപകർ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ.