‘ഇലോൺ മസ്കിന് ഇത്രയും ശമ്പളം നൽകേണ്ട’; ശമ്പള പാക്കേജ് അസാധുവാക്കി കോടതി
January 31, 2024വാഷിങ്ടൺ: ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിന് അനുവദിച്ച ശമ്പള പാക്കേജ് അസാധുവാക്കി കോടതി. ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‍ല മസ്‍കിന് പ്രതിവർഷം 55.8 ബില്യൺ ഡോളർ ശമ്പളം നൽകാനുള്ള പാക്കേജിന് 2018ൽ അംഗീകാരം നൽകിയിരുന്നു. എന്നാൽ, മസ്കിന് ഇത്രയും ശമ്പളം നൽകേണ്ട ആവശ്യമില്ലെന്ന് കാണിച്ച ഓഹരി ഉടമകളിൽ ഒരാൾ നൽകിയ ഹരജിയിലാണ് തീരുമാനം പുറത്തുവന്നത്.
ശമ്പള പാക്കേജ് അനുവദിച്ചതിൽ ടെസ്‍ല ബോർഡിന് പിഴവ് സംഭവിച്ചതായി ജഡ്ജി കാതലീൻ മക്കോർമിക് വിധിച്ചു. കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പാക്കേജുകളിലൊന്നാണ് മസ്കിന് അനുവദിച്ചിരുന്നത്. ലോകത്തിലെ ഏറ്റവും മികച്ച വ്യവസായിമാരിൽ ഒരാളായ മസ്കിന് കമ്പനിയിൽ എപ്പോഴും ശ്രദ്ധയുണ്ടെന്ന് ഉറപ്പാക്കാനാണ് ഇത്രയും വലിയ പാക്കേജ് നൽകിയതെന്നായിരുന്നു ടെസ്‍ല ഡയറക്ടർമാരുടെ കോടതിയിലെ വാദം.
എന്നാൽ, ശമ്പളം സംബന്ധിച്ച് ഓഹരി ഉടമകളിൽ നിന്ന് അനുമതി വാങ്ങിയിരുന്നുവെന്ന് തെളിയിക്കാൻ ടെസ്‍ലക്കോ മസ്കിന്റെ അഭിഭാഷകനോ കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
കോടതി തീരുമാനം പുറത്ത് വന്നതിന് പിന്നാലെ ടെസ്‍ല ഓഹരി വിലയിൽ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ടെസ്‍ലയുടെ ഓഹരി വില 20 ശതമാനം ഇടിഞ്ഞിരുന്നു.