വിശ്വാസം വിടാതെ നിക്ഷേപിക്കാൻ എത്തിക്കൽ ഫണ്ടുകൾ
January 22, 2024മദ്യം, സിഗരറ്റ്, ആയുധങ്ങൾ ഉൽപാദിപ്പിക്കുന്ന കമ്പനികൾ, പലിശ അധിഷ്ഠിതമായ ബാങ്ക്, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഓഹരികളിൽ ഇസ്‍ലാമിക നിയമപ്രകാരം നിക്ഷേപം അനുവദനീയമല്ല. മ്യൂച്വൽ ഫണ്ടുകൾ പലതരം ഓഹരികളിൽ നിക്ഷേപിക്കുന്നതിനാൽ സ്വാഭാവികമായും ഇത്തരം കമ്പനികളിലും നിക്ഷേപിക്കാൻ സാധ്യതയുള്ളതിനാൽ മത സാമ്പത്തിക നിയമങ്ങൾ കർശനമായി പാലിക്കുന്നവർ മ്യൂച്വൽ ഫണ്ടുകളിലും ഓഹരികളിലുമെല്ലാം നിക്ഷേപം നടത്താൻ വൈമുഖ്യം കാട്ടാറുണ്ട്. ഇവരെ ലക്ഷ്യമിട്ട് ഇസ്‍ലാമിക ശരീഅത്ത് അടിസ്ഥാനമാക്കിയുള്ള രണ്ടു മ്യൂച്വൽ ഫണ്ടുകൾ ഇന്ത്യയിലുണ്ട്. എത്തിക്കൽ ഫണ്ട് എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. ടാറ്റ എത്തിക്കൽ ഫണ്ടും ടോറസ് എത്തിക്കൽ ഫണ്ടും.
പലതരം മ്യൂച്വൽ ഫണ്ടുകളുണ്ട്. വൻകിട കമ്പനികളുടെ ഓഹരികളിൽമാത്രം നിക്ഷേപിക്കുന്നവ, മിഡ് കാപ്, സ്മാൾ കാപ് ഓഹരികളിൽ നിക്ഷേപിക്കുന്നവ, ബാങ്ക്, ഓട്ടോ,ഫാർമ കമ്പനികളിൽ മാത്രമോ സമ്മിശ്രമായോ നിക്ഷേപിക്കുന്നവ എന്നിങ്ങനെ.
ഓരോ ഫണ്ടും ഏതെല്ലാം മേഖലയിൽ നിക്ഷേപം നടത്തുന്നു എന്ന് വിശദമായി സെബിയെ അറിയിക്കേണ്ടതുണ്ട്. മുംബൈ, ദേശീയ ഓഹരി വിപണിയിലായി ഏഴായിരത്തോളം കമ്പനികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഏതെല്ലാമാണ് ശരീഅത്ത് നിയമമനുസരിച്ച് അനുവദനീയമായത് എന്ന് അവർ തരം തിരിച്ചുവെച്ചിട്ടുണ്ട്. മതപണ്ഡിതന്മാർകൂടി ഉൾപ്പെട്ട കമ്മിറ്റിയാണ് ഈ പട്ടിക ഉണ്ടാക്കുന്നത്. ഇതിൽ പറയുന്ന ഓഹരികളിലാണ് എത്തിക്കൽ ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്.
മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ നിക്ഷേപകരിൽനിന്ന് പണം സമാഹരിച്ച് ഓഹരികളിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. അത് യൂനിറ്റുകളായാണ് നിക്ഷേപകർക്ക് സ്ഥാപനങ്ങൾ നൽകുക. സാധാരണ ഗതിയിൽ 10 രൂപയാണ് യൂനിറ്റ് വില. പിന്നീട് ഓഹരി വില വർധനവിനും ലാഭത്തിനുമനുസരിച്ച് യൂനിറ്റ് വില കൂടിക്കൊണ്ടിരിക്കും. കുറയാനും സാധ്യതയുണ്ട്. ഓരോ ഫണ്ടിന്റെയും അതാത് ദിവസത്തെ വില (എൻ.എ.വി) അറിയാൻ സാധിക്കും. 1996ൽ 10 രൂപക്ക് ടാറ്റ ഇറക്കിയ എത്തിക്കൽ ഫണ്ടിന്റെ നിലവിലെ എൻ.എ.വി 390നു മുകളിലാണ്. വില 39 മടങ്ങ് വർധിച്ചെന്ന് സാരം. ടോറസ് എത്തിക്കൽ ഫണ്ടിന്റെ ഇപ്പോഴത്തെ വില 122 രൂപയാണ്.