15 മിനിറ്റിനുള്ളിൽ നിക്ഷേപകർക്ക് രണ്ട് ലക്ഷം കോടി നഷ്ടം; തകർന്നടിഞ്ഞ് സെൻസെക്സും നിഫ്റ്റിയും

15 മിനിറ്റിനുള്ളിൽ നിക്ഷേപകർക്ക് രണ്ട് ലക്ഷം കോടി നഷ്ടം; തകർന്നടിഞ്ഞ് സെൻസെക്സും നിഫ്റ്റിയും

January 17, 2024 0 By BizNews

മുംബൈ: ഇന്ത്യൻ ഓഹരി വിപണികളിൽ ഇന്ന് നിക്ഷേപകർക്കുണ്ടായത് വൻ നഷ്ടം. ദേശീയ സൂചികയായ നിഫ്റ്റിയും ബോംബെ സൂചികയായ സെൻസെക്സും വൻ നഷ്​ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ബി.എസ്.ഇയിൽ 15 മിനിറ്റിനുള്ളിൽ നിക്ഷേപകർക്ക് രണ്ട് ലക്ഷം കോടി നഷ്ടമുണ്ടായി.

സെൻസെക്സ് ഇന്ന് 811 പോയിന്റ് നഷ്ടത്തോടെ 72,317 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. 1.11 ശതമാനം നഷ്ടമാണ് സെൻസെക്സിലുണ്ടായത്. നിഫ്റ്റി 223 പോയിന്റ് നഷ്ടത്തോടെ 21,809ലും വ്യാപാരം തുടങ്ങി. 1.01 ശതമാനം നഷ്ടമാണ് നിഫ്റ്റിയിലുണ്ടായത്.

എച്ച്.ഡി.എഫ്.സി ബാങ്കാണ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത്. 5.79 ശതമാനം നഷ്ടമാണ് ബാങ്കിനുണ്ടായത്. സാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദത്തിൽ എച്ച്.ഡി.എഫ്.സിയുടെ ലാഭം 16,372 കോടിയായി വർധിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 12,259 കോടിയായിരുന്നു എച്ച്.ഡി.എഫ്.സിയുടെ അറ്റാദായം. കമ്പനി മൂന്നാംപാദത്തിൽ ലാഭമുണ്ടാക്കിയെങ്കിലും പ്രതീക്ഷിച്ചൊരു നേട്ടമുണ്ടാനാവാതെ പോയാതാണ് ഓഹരി വിപണിയിലെ തിരിച്ചടിക്ക് കാരണം.

ബാങ്കിങ് സെക്ടറിലെ മിക്ക ഓഹരികളും ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ആക്സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, കൊട്ടക് ബാങ്ക്, എസ്.ബി.ഐ, ഇൻഡസ്‍ലാൻഡ് ബാങ്ക് എന്നിവയെല്ലാം നഷ്ടത്തിലാണ്.