മൊത്തവില പണപ്പെരുപ്പം ഏഴാം മാസവും നെഗറ്റീവിൽ
November 14, 2023ന്യൂഡൽഹി: മൊത്ത വില അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം തുടർച്ചയായ ഏഴാം മാസവും നെഗറ്റീവായി തുടരുന്നു. ഒക്ടോബറിൽ -0.52 ആണ് പണപ്പെരുപ്പം. ഭക്ഷ്യസാധനങ്ങളുടെ വിലയിലെ കുറവാണ് പണപ്പെരുപ്പം നെഗറ്റീവായി തുടരാൻ പ്രധാന കാരണം. അതേസമയം, പച്ചക്കറി വിലയിലെ ചാഞ്ചാട്ടം, മിക്ക ഭക്ഷ്യ സാധനങ്ങളുടെയും വില ഉയരുന്ന പ്രവണത എന്നിവ കാരണം സമീപഭാവിയിൽ പണപ്പെരുപ്പം ഉയരാനിടയുണ്ടെന്ന സൂചനയും വിദഗ്ധർ മുന്നോട്ട് വെക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ 8.67 ശതമാനമായിരുന്നു മൊത്തവില സൂചിക അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം. ഏപ്രിൽ മുതൽ നെഗറ്റീവായി തുടരുന്ന പണപ്പെരുപ്പം സെപ്റ്റംബറിൽ -0.26 ആയിരുന്നു.
രാസ വസ്തുക്കൾ, വൈദ്യുതി, ടെക്സ്റ്റൈൽസ്, ഭക്ഷ്യോൽപന്നങ്ങൾ, പേപ്പർ, പേപ്പർ ഉൽപന്നങ്ങൾ എന്നിവയിലെ വിലക്കുറവ് പണപ്പെരുപ്പം നെഗറ്റീവായി തുടരാൻ സഹായിച്ചു. സാങ്കേതികമായി പണശോഷണം എന്നറിയപ്പെടുന്ന നെഗറ്റീവ് പണപ്പെരുപ്പം മൊത്തവിലയിലെ പൊതുവായ കുറവാണ് സൂചിപ്പിക്കുന്നത്.