എസ്.ബി.ഐയുടെ അറ്റാദായത്തിൽ വൻ വർധന
August 4, 2023ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐയുടെ അറ്റാദായത്തിൽ വൻ വർധന. പലിശയിൽ നിന്നുള്ള വരുമാനം വർധിച്ചതാണ് എസ്.ബി.ഐക്ക് കരുത്തായത്. ഒന്നാം പാദത്തിൽ അറ്റാദായത്തിൽ 178.25 ശതമാനം വർധനയാണുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഒന്നാംപാദവുമായി താരതമ്യം ചെയ്യുമ്പോഴാണ് അറ്റാദായം വർധിച്ചത്. 16,884.3 കോടിയുടെ വർധനയാണ് രേഖപ്പെടുത്തിയത്.
മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 16,695 കോടിയായിരുന്നു കമ്പനിയുടെ ലാഭം. 14,948.66 കോടിയുടെ അറ്റാദായം എസ്.ബി.ഐക്കുണ്ടാവുമെന്നായിരുന്നു ബ്ലുംബെർഗ് പ്രവചനം. പലിശയിൽ നിന്നുള്ള എസ്.ബി.ഐയുടെ വരുമാനത്തിൽ 24.71 ശതമാനം വർധന രേഖപ്പെടുത്തി. 38,904.9 കോടിയാണ് എസ്.ബി.ഐയുടെ പലിശ വരുമാനം.
12,063.4 കോടിയാണ് എസ്.ബി.ഐയുടെ മറ്റുള്ള വരുമാനം. കിട്ടാകടം 2.78 ശതമാനത്തിൽ നിന്നും 2.76 ശതമാനമായാണ് കിട്ടാകടം കുറഞ്ഞത്. എസ്.ബി.ഐയുടെ നിക്ഷേപത്തിലും വർധനയുണ്ടായിട്ടുണ്ട്. നിക്ഷേപം 12 ശതമാനമാണ് വർധിച്ചത്. 45.3 ലക്ഷം കോടിയായാണ് നിക്ഷേപം വർധിച്ചത്.