പച്ചക്കറിക്ക് തീവില; രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഉയർന്നു
July 12, 2023ന്യൂഡൽഹി: രാജ്യത്തെ റീടെയിൽ പണപ്പെരുപ്പ നിരക്ക് ഉയർന്നു. പച്ചക്കറി ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പ നിരക്ക് ഉയർത്തുന്നത്. ജൂണിൽ പണപ്പെരുപ്പ നിരക്ക് 4.81 ശതമാനമായാണ് ഉയർന്നത്. പണപ്പെരുപ്പ നിരക്ക് ഉയർന്നതോടെ ആർ.ബി.ഐ വായ്പപലിശ നിരക്ക് താഴ്ത്താനുളള സാധ്യതകൾ മങ്ങി. മെയിൽ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് 4.31 ശതമാനമായിരുന്നു.
കാലം തെറ്റിയെത്തിയ മൺസൂൺ മഴയാണ് ഇന്ത്യയിൽ പച്ചക്കറി വിലക്കയറ്റത്തിനുള്ള പ്രധാനകാരണം. ഇതുമൂലം തക്കാളി, പച്ചമുളക്, ഉള്ളി എന്നിവയുടെ വില ഉയർന്നിരുന്നു. അതേസമയം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പം ഉയരാനുള്ള പ്രധാനകാരണം. പച്ചക്കറി വിലയിൽ 12 ശതമാനത്തിന്റെ വർധനയുമുണ്ടായി.
ആർ.ബി.ഐ ലക്ഷ്യമായ നാല് ശതമാനത്തിലേക്ക് പണപ്പെരുപ്പമെത്താൻ ഇനിയും സമയമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ജൂൺ എട്ടിന് അവസാനിച്ച ആർ.ബി.ഐയുടെ വായ്പ അവലോകന യോഗം പണപ്പെരുപ്പം നാല് ശതമാനത്തിലേക്ക് എത്തുമെന്ന് പ്രവചിച്ചിരുന്നു.