ഗൗതം അദാനിക്കെതിരെ സിവിൽ, ക്രിമിനൽ വിചാരണക്ക് യു.എസ് കോടതി ഉത്തരവ്
January 3, 2025ന്യൂഡൽഹി: വ്യവസായി ഗൗതം അദാനിക്കെതിരെ സിവിൽ, ക്രിമനൽ വിചാരണക്ക് യു.എസ് കോടതിയുടെ ഉത്തരവ്. 265 മില്യൺ ഡോളറിന്റെ അഴിമതി കേസിലാണ് കോടതിയുടെ നടപടി. രണ്ട് കേസുകളിലും ഒരുമിച്ച് വിചാരണ നടത്തുമെന്നും യു.എസ് കോടതി വ്യക്തമാക്കി.
ഇതിൽ ഒന്ന് യു.എസ് സർക്കാർ അദാനിക്കെതിരെ നൽകിയ ക്രിമനൽ കേസാണ്. മറ്റൊന്ന് യു.എസിലെ സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് കമീഷൻ എടുത്ത സിവിൽ കേസാണ്. ജില്ലാ ജഡ്ജി നിക്കോളാസ് ഗ്രൗഫിസാണ് കേസ് പരിഗണിക്കുക. അദാനിക്കെതിരായ ക്രിമിനൽ സിവിൽ കേസുകൾ ഇതേ ജഡ്ജി തന്നെയാവും പരിഗണിക്കുക.
ഗൗതം അദാനിക്കെതിരെ യു.എസിൽ തട്ടിപ്പിനും കൈക്കൂലിക്കുമെതിരായ കേസാണ് രജിസ്റ്റർ ചെയ്തിരുന്നത്. അദാനിയെ കൂടാതെ മറ്റ് ഏഴ് പേരും കേസിൽ പ്രതികളാണ്. അദാനിയുടെ അടുത്ത ബന്ധു സാഗർ അദാനിയാണ് കേസിലെ മറ്റൊരു പ്രതി. വിവിധ കരാറുകൾ സ്വന്തമാക്കാനായി 265 മില്യൺ ഡോളർ അദാനി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിലൂടെ രണ്ട് ബില്യൺ ഡോളർ ലാഭമുണ്ടാക്കുകയായിരുന്നു അദാനിയുടെ ലക്ഷ്യം.
ഇൗ അഴിമതി മറച്ചുവെച്ച് ഗൗതം അദാനിയും അദാനി ഗ്രീൻ എനർജിയുടെ മുൻ സി.ഇ.ഒ വനീത് ജയിനും മൂന്ന് ബില്യൺ ഡോളർ വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും സ്വരൂപിച്ചുവെന്നും കേസുണ്ട്. അഴിമതിക്ക് തെളിവായി ചില കോഡ് നാമങ്ങൾ ഫോണിലൂടെ കൈമാറിയതിന്റെ തെളിവുകളുണ്ടെന്നാണ് റിപ്പോർട്ട്.