ഫോബ്സിന്റെ ഏറ്റവും കരുത്തരായ വനിതകളുടെ ലിസ്റ്റിൽ ഇന്ത്യയിൽ നിന്ന് നിർമല സീതാരാമനും

ഫോബ്സിന്റെ ഏറ്റവും കരുത്തരായ വനിതകളുടെ ലിസ്റ്റിൽ ഇന്ത്യയിൽ നിന്ന് നിർമല സീതാരാമനും

December 13, 2024 0 By BizNews

ലോകത്തെ ഏറ്റവും കരുത്തരായ 100 വനിതകളുടെ ലിസ്റ്റിൽ ഇന്ത്യയിൽ നിന്ന് ധനമന്ത്രി നിർമല സീതാരാമനും. ബിസിനസ്, എന്റർടൈയിൻമെന്റ്, രാഷ്ട്രീയം, ജീവകാരുണ്യ പ്രവർത്തനം, നയരൂപീകരണം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖ വനിതകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്.

പട്ടികയിൽ 28ാം സ്ഥാനത്താണ് ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെട്ടത്. 2019 മുതൽ നിർമല ഇന്ത്യയുടെ ധനമന്ത്രി സ്ഥാനം വഹിക്കുകയാണ്. 2024ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം അവർ വീണ്ടും ധനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. രാജ്യത്തെ നാല് ട്രില്യൺ സമ്പദ്‍വ്യവസ്ഥയാക്കി മാറ്റുന്നതിൽ നിർമല സീതാരാമൻ നിർണായക പങ്കുവഹിച്ചുവെന്നാണ് വിലയിരുത്തൽ. രാജ്യത്തിന്റെ ഉയർന്ന ജി.ഡി.പി വളർച്ച കൈവരിക്കുന്നതിലും ധനമന്ത്രി മുഖ്യപങ്കുവഹിച്ചുവെന്നാണ് റിപ്പോർട്ട്.

നിർമല സീതാരാമൻ കഴിഞ്ഞാൽ എച്ച്.സി.എൽ ടെക്നോളജിയുടെ രോഷ്ണി നാടാർ മൽഹോത്രയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പട്ടികയിൽ 82ാം സ്ഥാനത്താണ് അവരുള്ളത്. പിതാവ് സ്ഥാപിച്ച 12 ബില്യൺ ഡോളറിന്റെ സാമ്രാജ്യം നയിക്കുന്നതിനാണ് അവർ പുരസ്കാരത്തിന് അർഹയായത്. ഹാബിറ്റാസ് എന്ന പേരിൽ ട്രസ്റ്റിനും അവർ നേതൃത്വം നൽകുന്നുണ്ട്. ജേണലിസത്തിലും എം.ബി.എയിലും അവർക്ക് ബിരുദമുണ്ട്.

കിരൺ മസുംദാർ ഷായാണ് പട്ടികയിൽ ഇടംപിടിച്ച മൂന്നാമത്തെ ഇന്ത്യക്കാരി. ബയോകോൺ എന്ന പേരിലുള്ള ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ സ്ഥാപകാംഗമാണ് അവർ. 1978ലാണ് കിരൺ മസൂംദാർ ഷാ കമ്പനി സ്ഥാപിച്ചത്. നാസ്ഡാക്കിൽ കമ്പനിയുടെ ഐ.പി.ഒയും വൻ വിജയമായിരുന്നു.