റിപ്പോ നിരക്കിൽ മാറ്റമില്ല; 6.50 ശതമാനമായി തുടരും
December 6, 2024മുംബൈ: പലിശ നിരക്കിൽ മാറ്റം വരുത്താതെയും ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ട കരുതൽ ധനത്തിെന്റ അനുപാതം കുറച്ചും റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു.
ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോ 6.5 ശതമാനമായി നിലനിർത്താനാണ് ആറംഗ പണനയ സമിതി തീരുമാനിച്ചത്. തുടർച്ചയായ 11ാം തവണയാണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്. ഇതോടെ, ഭവന, വാഹന വായ്പകൾ ഉൾപ്പെടെ ബാങ്ക് വായ്പകൾക്ക് പലിശ നിരക്ക് കുറയാനുള്ള സാധ്യത ഇല്ലാതായി.
ബാങ്കുകളുടെ മൊത്തം നിക്ഷേപത്തിൽ റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ട അനുപാതം (കരുതൽ ധന അനുപാതം -സി.ആർ.ആർ) അരശതമാനം കുറച്ച് നാല് ശതമാനമാക്കിയത് വിപണിയിൽ കൂടുതൽ പണലഭ്യത ഉറപ്പുവരുത്തും. സാമ്പത്തിക വളർച്ച കുറയുന്ന സാഹചര്യത്തിലാണ് കരുതൽ ധന അനുപാതം കുറച്ച് കൂടുതൽ വായ്പ അനുവദിക്കാൻ ബാങ്കുകൾക്ക് അവസരമൊരുക്കുന്നത്. നിരക്ക് അര ശതമാനം കുറച്ചതോടെ ബാങ്കുകൾക്ക് 1.16 ലക്ഷം കോടി രൂപ അധികമായി വായ്പാ വിതരണത്തിന് ലഭിക്കും.
നടപ്പ് സാമ്പത്തിക വർഷത്തെ മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി) വളർച്ചാ അനുമാനം കുറച്ചതാണ് പണനയ സമിതിയുടെ മറ്റൊരു നിർണായക നടപടി. നേരത്ത പ്രതീക്ഷിച്ചിരുന്ന 7.2 ശതമാനത്തിൽനിന്ന് 6.6 ശതമാനമായാണ് വളർച്ചാ അനുമാനം കുറച്ചത്. അതേസമയം, പണപ്പെരുപ്പ അനുമാനം നേരത്തെ പ്രതീക്ഷിച്ച 4.5 ശതമാനത്തിൽനിന്ന് 4.8 ശതമാനമായി ഉയർത്തുകയും ചെയ്തു.