കുരുമുളകിന് പുതുജീവൻ; റബറിന് തളർച്ച
October 28, 2024ദീപാവലി വേളയിലെ ആവശ്യത്തിനുള്ള സുഗന്ധ വ്യഞ്‌ജനങ്ങളുടെ അവസാനഘട്ട വാങ്ങലിന് ഉത്തരേന്ത്യൻ വ്യാപാരികൾ കാണിച്ച ആവേശം വിലക്കയറ്റത്തിന് അവസരം ഒരുക്കി. രണ്ടാഴ്‌ചയിൽ ഏറെ തളർച്ചയിൽ നീങ്ങിയ കുരുമുളകിന് ആഭ്യന്തര ഡിമാൻഡ് പുതുജീവൻ പകർന്നു. ക്വിൻറലിന് 500 രൂപയാണ് മുന്നേറിയത്.
ദീപാവലി വേളയിലാണ് രാജ്യത്ത് കുരുമുളകിന് ഏറ്റവും കൂടുതൽ ആവശ്യക്കാരെത്തുന്നത്. വിദേശ ചരക്ക് ഉയർന്ന അളവിൽ ഇറക്കുമതി നടത്തിയതിനാൽ കാർഷിക മേഖലയുടെ പ്രതീക്ഷക്കൊത്ത് ഉൽപന്ന വില കയറിയില്ലെങ്കിലും മറ്റ് പല ഉൽപന്നങ്ങളെയും അപേക്ഷിച്ച് ഭേദപ്പെട്ട അവസ്ഥയിലാണ്. എന്നാൽ, അടുത്ത വിളവെടുപ്പിന് ഇനിയും മാസങ്ങൾ ശേഷിക്കുന്നതിനാൽ കൈവശമുള്ള ചരക്ക് വിറ്റുമാറാൻ വൻകിട കർഷകർ തയാറാവുന്നില്ല. ആഗോള തലത്തിൽ ഉൽപാദനം അടുത്ത സീസണിലും ചുരുങ്ങുമെന്ന സൂചനകൾ തന്നെയാണ് പലരെയും ഇതിന് പ്രേരിപ്പിക്കുന്നത്. കൊച്ചിയിൽ 135 ടൺ കുരുമുളക് മാത്രമാണ് വിൽപനയക്ക് വന്നത്. അൺ ഗാർബിൾഡ് ക്വിൻറലിന് 62,500 ലും ഗാർബിൾഡ് 65,200 രൂപയിലുമാണ്. അന്താരാഷ്‌ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 7900 ഡോളർ.
● ●
ഏലക്ക വിളവെടുപ്പ് ഹൈറേഞ്ചിൽ പുരോഗമിക്കുന്നതിനൊപ്പം വരവ് ഉയർന്നത് വാങ്ങലുകാർക്ക് ആശ്വാസമായി. ഇക്കുറി വിളവെടുപ്പ് മൂന്നുമാസം വൈകി ആരംഭിച്ചതിനാൽ കഴിഞ്ഞ സീസണിലെ ചരക്കാണ് വിറ്റുമാറുന്നത്. വലിയ ഇനങ്ങൾ കിലോ 2692 രൂപയിലും ശരാശരി ഇനങ്ങൾ 2268 രൂപയിലുമാണ്.
● ●
ടയർ കയറ്റുമതിക്ക് ആനുപാതികമായി അഡ്വാൻസ് ലൈസൻസിലുള്ള റബർ ഇറക്കുമതിക്ക് ടയർ വ്യവസായികൾ ഉത്സാഹിച്ചത് റബറിന്റെ ആഭ്യന്തര വിപണിയെ തളർത്തി. വിലക്കയറ്റം തടയുകയെന്ന ലക്ഷ്യത്തോടെയാണ് വ്യവസായികൾ ഷീറ്റ് സംഭരണം കുറച്ചത്. ആഭ്യന്തര റബർ ഉൽപാദനം എട്ട് ലക്ഷം ടൺ മാത്രമാണെന്നും വ്യവസായിക ആവശ്യത്തിന് 15 ലക്ഷം ടണ്‍ റബര്‍ വേണ്ടിവരുമെന്നാണ് ടയർ വ്യവസായികളുടെ പക്ഷം. സംസ്ഥാനത്ത് 19,0000 രൂപയിൽ വിൽപനക്ക് തുടക്കം കുറിച്ച ആർ.എസ്.എസ് നാലാം ഗ്രേഡ് ഷീറ്റ് വാരാവസാനം 18,000 രൂപയിലും അഞ്ചാം ഗ്രേഡ് റബർ 17,500 രൂപയിലുമാണ്.
● ●
ഉത്സവ ഡിമാൻഡ് തുടരുന്നതിനാൽ പാചകയെണ്ണകൾക്ക് ആവശ്യം ഉയർന്നു. എന്നാൽ, വെളിച്ചെണ്ണക്ക് ഒരു മാസത്തിനിടയിൽ നൂറ് രൂപ പോലും ഉയരാനായില്ല. ഒക്‌ടോബർ ആദ്യം മുതൽ 19,400 രൂപയിൽ വിപണനം നടന്ന വെളിച്ചെണ്ണ വാരാന്ത്യം 19,300ലേക്ക് താഴ്‌ന്നു. കാങ്കയത്തെ മില്ലുകൾ കൊപ്ര സംഭരണം കുറച്ചത് ഉൽപാദകർക്ക് കനത്ത പ്രഹരമായി. 12,950 രൂപയിൽ നിന്ന് ശനിയാഴ്‌ച കൊപ്ര 12,300ലേക്ക് ഇടിഞ്ഞു. കൊച്ചിയിൽ വെളിച്ചെണ്ണ 19,300 ലും കൊപ്ര 12,600ലുമാണ്.
● ●
സ്വർണം പുതിയ ഉയരം സ്വന്തമാക്കി. 58,240 രൂപയിൽ വിപണനം തുടങ്ങിയ സ്വർണം 58,720 ലേക്ക് കയറിയ ശേഷം വെള്ളിയാഴ്‌ച 58,280ലേക്ക് സാങ്കേതിക തിരുത്തൽ കാഴ്‌ചവെച്ചു. വാരാന്ത്യം സർവകാല റെക്കോഡായ 58,880 രൂപയായി ഉയർന്നു. ഒരു ഗ്രാമിന് വില 7360 രൂപ.