സൗദിയിൽ പുതിയ നിക്ഷേപ സംവിധാനം 2025 മുതൽ; വിദേശ നിക്ഷേപകർക്ക് സ്വദേശികൾക്ക് തുല്യമായ പരിഗണന -നിക്ഷേപ മന്ത്രാലയം
August 13, 2024റിയാദ്: വിദേശികൾക്ക് സൗദിയിൽ ഏത് രംഗത്തും പണം മുടക്കി ബിസിനസ് തുടങ്ങാൻ അനുവദിക്കുന്നതടക്കം തദ്ദേശീയ സംരംഭകർക്ക് തുല്യമായ പരിഗണന നൽകുന്ന പുതിയ നിക്ഷേപ സംവിധാനത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി നിക്ഷേപ മന്ത്രാലയം.
മന്ത്രിസഭാ അംഗീകാരം ലഭിച്ചതിനെ തുടർന്നാണിത്. വിദേശ നിക്ഷേപകർക്ക് സ്വദേശി നിക്ഷേപകർക്ക് തുല്യമായ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതാണ് പുതിയ നിക്ഷേപ സംവിധാനം. രാജ്യത്ത് ലഭ്യമായ എല്ലാ മേഖലകളിലും നിക്ഷേപം നടത്താനുള്ള സ്വാതന്ത്ര്യമടക്കം എട്ട് അടിസ്ഥാന അവകാശങ്ങൾ വിദേശി സംരംഭർക്കുണ്ടാവും.
അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് നിക്ഷേപം കൈകാര്യം ചെയ്യുന്നതിനും നിയമപരമായി വിനിയോഗിക്കുന്നതിനുമുള്ള സ്വാതന്ത്ര്യമാണ്. ബിസിനസ് നടത്തുന്നതിന് ആവശ്യമായ പണം രാജ്യത്തിനകത്തും പുറത്തും കൈമാറാനുള്ള സ്വാതന്ത്ര്യവും നിക്ഷേപകനുണ്ടാവും. ഏതെങ്കിലും നിക്ഷേപം നടത്തുന്നതിന് മുമ്പ് ദേശീയ രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്യാനും രാജ്യത്തെ എല്ലാ നിയന്ത്രണങ്ങളും നിയമനിർമാണങ്ങളും അനുസരിക്കുന്നതിനുള്ള ബാധ്യതയോടെയാണിതെന്നും മന്ത്രാലയം വിശദീകരിച്ചു.
പുതിയ നിക്ഷേപ സംവിധാനവും എക്സിക്യൂട്ടിവ് ചട്ടങ്ങളും 2025ന്റെ തുടക്കത്തിൽ പ്രാബല്യത്തിൽ വരും. ദേശീയ നിക്ഷേപ തന്ത്രത്തിന്റെ സ്തംഭങ്ങളിൽ ഒന്നാണിത്. കൂടാതെ സമഗ്രമായ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ദേശീയ സമ്പദ്വ്യവസ്ഥയുടെ വിഭവങ്ങൾ വൈവിധ്യവത്കരിക്കുന്നതിനും ഇത് സംഭാവന ചെയ്യും.
ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുകയും നിക്ഷേപ മേഖലകളുടെ വികസനത്തെ പിന്തുണക്കുകയും ആഭ്യന്തര ഉൽപന്നത്തിൽ സ്വകാര്യ മേഖലയുടെ സംഭാവന ഉയർത്തുകയും ചെയ്യും. നിക്ഷേപകരുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് സാമ്പത്തിക വൈവിധ്യവൽക്കരണം കൈവരിക്കാനും പുതിയ നിക്ഷേപ നയം സഹായിക്കും.
സൗദിയിലെ നിക്ഷേപത്തിന്റെ നല്ല ഭാവിക്ക് ഈ സംവിധാനം ഗുണം ചെയ്യും. ‘വിഷൻ 2030’ന്റെ വെളിച്ചത്തിൽ അവകാശങ്ങൾ അനുവദിക്കൽ, ന്യായമായ മത്സരം പ്രോത്സാഹിപ്പിക്കൽ, നിയന്ത്രണ അന്തരീക്ഷം സുഗമമാക്കൽ എന്നിവയിലൂടെ ആഗോള നിക്ഷേപം ആകർഷിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു.
രാജ്യം സ്വീകരിച്ച നിരവധി വികസന നടപടികളുടെ വിപുലീകരണമാണ് പുതിയ നിക്ഷേപ സംവിധാനമെന്ന് നിക്ഷേപ മന്ത്രി എൻ.ജി. ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. പ്രാദേശിക, വിദേശ നിക്ഷേപകർക്ക് ഒരുപോലുള്ള ആകർഷകവും സുരക്ഷിതവും പിന്തുണയുള്ളതുമായ അന്തരീക്ഷം ഒരുക്കുന്നു.
നിക്ഷേപ അന്തരീക്ഷത്തിന്റെ ആകർഷണീയതയും മത്സരക്ഷമതയും വർധിപ്പിക്കുക, പ്രത്യേകിച്ച് നിയന്ത്രണ, നിയമനിർമാണ വശങ്ങളിൽ എന്നതാണ് രാജ്യത്തിന്റെ ഉദ്ദേശ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത് ഭരണത്തിന്റെ അടിസ്ഥാന നിയമം ഉറപ്പുനൽകുന്ന സാമ്പത്തിക തത്ത്വങ്ങളുടെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
സ്ഥിരമായ നിക്ഷേപ തത്ത്വങ്ങളും നയങ്ങളും കണക്കിലെടുത്താണിത്. ‘വിഷൻ 2030’ ആരംഭിച്ചത് മുതൽ നിക്ഷേപ അന്തരീക്ഷവുമായി ബന്ധപ്പെട്ടതും നിക്ഷേപ വ്യവസ്ഥക്ക് സമാന്തരമായി പ്രവർത്തിക്കുന്നതുമായ നിയന്ത്രണ, നിയമനിർമാണ പരിഷ്കാരങ്ങളുടെ ഒരു പരമ്പരയുടെ ഭാഗമായി രാജ്യം നിരവധി നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മന്ത്രി സൂചിപ്പിച്ചു.
സിവിൽ ഇടപാട് സംവിധാനങ്ങൾ, സ്വകാര്യവൽക്കരണം, കമ്പനികൾ, പാപ്പരത്തം, പ്രത്യേക സാമ്പത്തിക സോണുകൾ സൃഷ്ടിക്കുന്നതിനുള്ള മുൻകൈയെടുക്കൽ എന്നിവ ഇതിലുൾപ്പെടുന്നു. നിക്ഷേപ സംവിധാനത്തിൽ വരുത്തിയ പരിഷ്കാരങ്ങൾ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും ഒരു വിശിഷ്ട ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം വർധിപ്പിക്കുന്നതിനുമുള്ള സംഭാവന വർധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
800ലധികം സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ആഗോള മത്സരശേഷി വർധിപ്പിക്കുന്നതിന് ദേശീയ മത്സരക്ഷമതാ കേന്ദ്രം, ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സംയോജിപ്പിച്ച് ഇതെല്ലാം നടപ്പാക്കുന്നതിൽ മികച്ച പങ്ക് വഹിച്ചതായും മന്ത്രി വിശദീകരിച്ചു.