പണപ്പെരുപ്പം ലക്ഷ്യമിട്ടതിലും താഴെ; അഞ്ച് വർഷത്തിനിടെ ആദ്യമായി നാല് ശതമാനത്തിൽ താഴെ
August 12, 2024ന്യൂഡൽഹി: ഭക്ഷ്യവിലയിലെ കുറവിന്റെ ആനുകൂല്യത്തിൽ ജൂലൈയിൽ രാജ്യത്തെ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 3.54 ശതമാനമായി താഴ്ന്നു. റിസർവ് ബാങ്ക് ലക്ഷ്യമിട്ട നാല് ശതമാനത്തെക്കാൾ താഴെയാണ് ഇത്. 2019 സെപ്റ്റംബറിനുശേഷം ആദ്യമായാണ് ചില്ലറ പണപ്പെരുപ്പം നാല് ശതമാനത്തിൽ താഴെ വരുന്നത്.
ദേശീയ സ്ഥിതിവിവര ഓഫിസ് (എൻ.എസ്.ഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം ജൂണിൽ 5.08 ശതമാനവും കഴിഞ്ഞ വർഷം ജൂലൈയിൽ 7.44 ശതമാനവുമായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം ജൂണിലെ 9.36 ശതമാനത്തിൽനിന്ന് ജൂലൈയിൽ 5.42 ശതമാനമായി. അതേസമയം, ജൂണിൽ ഇന്ത്യയുടെ വ്യാവസായിക ഉൽപാദനം അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.2 ശതമാനത്തിലെത്തി.
വൈദ്യുതി, ഖനന മേഖലകൾ മികച്ച പ്രകടനം തുടരുന്നുണ്ടെങ്കിലും ഉൽപാദന മേഖലയുടെ മോശം പ്രകടനമാണ് ഇടിവിന് കാരണം. വ്യാവസായിക ഉൽപാദന സൂചിക (ഐ.ഐ.പി) അനുസരിച്ച് കണക്കാക്കിയ ഫാക്ടറി ഉൽപാദന വളർച്ച മേയിൽ 6.2 ശതമാനവും ഏപ്രിലിൽ അഞ്ച് ശതമാനവും മാർച്ചിൽ 5.5 ശതമാനവും ഫെബ്രുവരിയിൽ 5.6 ശതമാനവും ജനുവരിയിൽ 4.2 ശതമാനവുമായിരുന്നു. ഈ സാമ്പത്തിക വർഷം ഏപ്രിൽ-ജൂൺ കാലയളവിൽ വ്യാവസായിക ഉൽപാദന സൂചിക വളർച്ച 5.2 ശതമാനമാണ്. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ വളർച്ച 4.7 ശതമാനമായിരുന്നു.
ഖനന ഉൽപാദനം ജൂണിൽ 10.3 ശതമാനം വളർച്ച കൈവരിച്ചു. മുൻവർഷം 7.6 ശതമാനം വളർച്ചയാണുണ്ടായിരുന്നത്. ഉൽപാദനമേഖലയുടെ വളർച്ച മുൻ വർഷത്തെ 3.5 ശതമാനത്തിൽനിന്ന് ജൂണിൽ 2.6 ശതമാനമായി കുറഞ്ഞു.