ഓല ഇലക്ട്രിക് ഐപിഒയ്ക്ക് തുടക്കമായി

ഓല ഇലക്ട്രിക് ഐപിഒയ്ക്ക് തുടക്കമായി

August 4, 2024 0 By BizNews

ഈ വർഷത്തെ ഏറ്റവും വലിയ പ്രാരംഭ പൊതു ഓഹരി വിൽപന അഥവാ ഐപിഒയ്ക്ക് പ്രാഥമിക വിപണിയിൽ തുടക്കമായി. രാജ്യത്തെ വൈദ്യുത വാഹന വിപണിയിൽ ഏറ്റവും പ്രമുഖ കമ്പനികളിലൊന്നായ ഓല ഇലക്ട്രിക് മൊബിലിറ്റിയുടെ ഐപിഒയാണ് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ആങ്കർ ഇൻവെസ്റ്റേഴ്സിൽ നിന്നും 2,763 കോടി രൂപ സമാഹരിച്ചതിന്റെ ഊർജവുമായാണ്, ആഭ്യന്തര വൈദ്യുത വാഹന നിർമാണ കമ്പനികളുടെ കൂട്ടത്തിൽ നിന്നുള്ള ആദ്യ ഐപിഒ മുന്നേറുന്നത്. ഓല ഇലക്ട്രിക് ഐപിഒയുടെ ഏറ്റവും പുതിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
ഐപിഒ റിവ്യൂ
ഭൂരിഭാഗം മാർക്കറ്റ് അനലിസ്റ്റുകളും ഓല ഇലക്ട്രിക് ഐപിഒയുടെ റിവ്യൂ അഥവാ അവലോകനം പോസിറ്റീവ് കാഴ്ചപ്പാടോടെയാണ് നൽകിയിട്ടുള്ളത്. രാജ്യത്തെ വൈദുത ഇരുചക്ര വാഹന വിപണിയിൽ മേധാവിത്തം ഉള്ള കമ്പനി എന്ന നിലയിൽ, ഈ വാഹന മേഖലയുമായി ബന്ധപ്പെട്ട് വരാവുന്ന ഏതൊരു അനുകൂല മാറ്റത്തിന്റെയും ഗുണഫലം ഓല ഇലക്ട്രിക്കിനും കിട്ടുമെന്നതാണ് അനലിസ്റ്റുകൾ പോസിറ്റീവ് ഘടകമായി ചൂണ്ടിക്കാട്ടുന്നത്.
“നിലവിൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ വിഹിതം 15 ശതമാനം നിലവാരത്തിലാണുള്ളത്. രാജ്യത്ത് വൈദ്യുത വാഹനങ്ങൾക്ക് വർധിച്ചു വരുന്ന ആവശ്യകതയുടെ നേട്ടം കമ്പനിക്ക് ലഭിക്കും. അതുകൊണ്ട് ഡിമാൻ‍ഡ് ഘടകം ശ്രദ്ധയോടെ വീക്ഷിച്ചും പ്രവർത്തന നഷ്ടം കുറയ്ക്കാനുള്ള ശ്രമങ്ങൾ വിലയിരുത്തിയും ഓല ഇലക്ട്രിക് ഐപിഒ പോസിറ്റീവായി കരുതുന്നുവെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എൽകെപി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസർച്ച് റിപ്പോർട്ടിൽ സൂചിപ്പിച്ചു.
“ഓല ഇലക്ട്രിക് മൊബിലിറ്റി കമ്പനിക്ക് വരുന്ന വർഷങ്ങളിൽ വളരാനുള്ള നിരവധി അനുകൂല ഘടകങ്ങൾ മുന്നിലുണ്ട്. ആവശ്യകത ഉയരുന്നതിനാൽ വളരെ അനുകൂലമായ വിപണി സാഹചര്യങ്ങൾ, മേഖലയുമായി ബന്ധപ്പെട്ട് സൗഹാർദപരമായ ഭരണ നയങ്ങൾ, ഓല ഫ്യൂച്ചർ ഫാക്ടറിയുടെ ഉയർന്ന വിനിയോഗശേഷിയും പോസിറ്റീവ് ഘടകങ്ങളാണ്”, മുൻനിര ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രാത്തി ഷെയേഴ്സ് സൂചിപ്പിച്ചു.
അധികം വൈകാതെ തന്നെ വൈദ്യുത ടു-വീലർ ബൈക്ക് വിപണിയിലേക്കും കടക്കാൻ ഓല ഇലക്ട്രിക് മൊബിലിറ്റി പദ്ധതിയിടുന്നു. തുടർന്ന് വൈദ്യുതിയിൽ പ്രവർത്തിക്കുനന മുചക്ര വാഹനങ്ങളിലേക്കും കാറുകളിലേക്കും കടക്കാനും കമ്പനി പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ലിഥിയം – അയോൺ ബാറ്ററി വിഭാഗത്തിലേക്കുള്ള രംഗപ്രവേശമാണ് ഏറ്റവും നിർണായകം. ആഗോള തലത്തിൽ ഇവി ബാറ്ററിയുടെ ഹബ്ബായി മാറാനാണ് കമ്പനിയുടെ വിദൂര ലക്ഷ്യം. അതേസമയം കമ്പനിയുടെ വിറ്റുവരവിൽ ക്രമാനുഗത വർധന കൈവരിക്കുന്നുണ്ടെങ്കിലും പ്രവർത്തന നഷ്ടം നികത്തി ലാഭത്തിലേക്ക് മാറാൻ ഇനിയും സാവകാശം വേണ്ടിവരും. അതുകൊണ്ട് ദീർഘകാല നിക്ഷേപം എന്ന നിലയിൽ ഓല ഇലക്ട്രിക് ഐപിഒയെ പരിഗണിക്കുന്നതായിരിക്കും ഉചിതമെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഐപിഒ ജിഎംപി
സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതിന് മുൻപ് ഓഹരികളുടെ കൈമാറ്റം നടക്കുന്ന അനൗദ്യോഗിക വിപണിയിൽ ഓല ഇലക്ട്രിക് ഐപിഒയുടെ ഗ്രേ മാർക്കറ്റ് പ്രീമിയത്തിൽ നേരിയ ചാഞ്ചാട്ടം രേഖപ്പെടുത്തുന്നുണ്ട്. ഐപിഒ ആരംഭിക്കുന്നതിന് മുൻപ്, കഴിഞ്ഞ മാസം അവസാനത്തോടെ ഓല ഇലക്ട്രിക് ഐപിഒയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം 16.50 രൂപയിലേക്ക് ഉയർന്നിരുന്നു. എന്നാൽ ഐപിഒയുടെ ആദ്യ ദിനത്തിൽ ഓഹരിയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം 12 രൂപ നിലവാരത്തിലേക്ക് താഴ്ന്നു. അതായത്, ഓഹരിയുടെ ലിസ്റ്റിങ് ദിനം വരെ ഗ്രേ മാർക്കറ്റ് പ്രീമിയം 12 രൂപ നിലവാരത്തിൽ എങ്കിലും തുടരുകയാണെങ്കിൽ ഓല ഇലക്ട്രിക് ഐപിഒയിൽ നിന്നും 16 ശതമാനം നേട്ടമെങ്കിലും പ്രതീക്ഷിക്കാമെന്ന് വിപണി വിദഗ്ധർ സൂചിപ്പിക്കുന്നു.
ഐപിഒ വിശദാംശം
രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ടു-വീലർ നിർമാതാക്കളാണ് ഓല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്. ഇലക്ട്രിക് ടു-വീലർ വിഭാഗത്തിൽ 35 ശതമാനം വിപണി വിഹിതം ബെംഗളുരു കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിക്ക് സ്വന്തമാണ്. ഓഗസ്റ്റ് 2 മുതൽ 6 വരെയാണ് ഓല ഇലക്ട്രിക് ഐപിഒയിൽ അപേക്ഷിക്കാനാകുക. ഓഹരിയുടെ പ്രൈസ് ബാൻഡ് 72 – 76 രൂപ നിലവാരത്തിലാണ്. 195 ഓഹരികളുടെ ഗുണിതങ്ങളായി (ലോട്ട്) വേണം ഐപിഒയിൽ ബിഡ് ചെയ്യേണ്ടത്. ബിഎസ്ഇ, എൻഎസ്ഇ തുടങ്ങിയ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഓഗസ്റ്റ് ഒൻപതിന് ഈ ഓഹരികൾ ലിസ്റ്റ് ചെയ്യപ്പെടും.
ഓല ഇലക്ട്രിക് ഐപിഒയിലൂടെ പ്രാഥമിക വിപണയിൽ നിന്നും 6,146 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. ഇതിൽ പുതിയ ഓഹരികൾ അനുവദിക്കുന്നതുവഴി (ഫ്രഷ് ഇഷ്യു) 5,500 കോടി രൂപയും നിലവിലെ നിക്ഷേപകരുടെ തുടർ ഓഹരി വിൽപനയിലൂടെ (ഓഫർ ഫോർ സെയിൽ) 646 കോടി രൂപയും വീതം സമാഹരിക്കും. അതേസമയം ഓല ഇലക്ട്രിക് ഐപിഒയിൽ 10 ശതമാനം ഓഹരികളാണ് റീട്ടെയിൽ ഇൻവെസ്റ്റേഴ്സിനു നീക്കിവെച്ചിട്ടുള്ളത്.
ഉപകമ്പനിയുടെ കീഴിലുള്ള ബാറ്ററി നിർമാണ ഫാക്ടറിയുടെ വിപുലീകരണത്തിനും 800 കോടി രൂപയുടെ കടബാധ്യത തീർക്കുന്നതിനും ഭാവിയിലേക്കുള്ള ഉത്പന്നങ്ങളുടെ ഗവേഷണങ്ങൾക്കായും ഐപിഒയിൽ നിന്നും ലഭിക്കുന്ന പണം വിനിയോഗിക്കുമെന്നാണ് ഓല ഇലക്ട്രിക് മൊബിലിറ്റി വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി നേടിയ വരുമാനം 5,243 കോടിയും അറ്റനഷ്ടം 1,584 കോടിയുമാണ്. ഐപിഒയുടെ ആദ്യ ദിനമായ ഓഗസ്റ്റ് രണ്ടിന് വൈകുന്നേരത്തോടെ 37 ശതമാനത്തോളം ഓഹരികൾക്കായി അപേക്ഷ എത്തിക്കഴിഞ്ഞു.