ഓഹരി, കടപ്പത്ര വിപണികളിലെ വിദേശനിക്ഷേപം ജൂലൈയില്‍ 53,000 കോടിയായി

ഓഹരി, കടപ്പത്ര വിപണികളിലെ വിദേശനിക്ഷേപം ജൂലൈയില്‍ 53,000 കോടിയായി

July 29, 2024 0 By BizNews

മുംബൈ: ജൂലൈയില്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരി വിപണിയിലും കടപ്പത്ര വിപണിയിലുമായി 52,910 കോടി രൂപ നിക്ഷേപിച്ചു.

ഇന്ത്യന്‍ മൂലധന വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 2024ല്‍ ഒരു മാസം നടത്തുന്ന ഏറ്റവും ഉയര്‍ന്ന അറ്റനിക്ഷേപമാണ്‌ ഇത്‌. ജൂലായ്‌ 26 വരെ 33,688 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ അവ നടത്തിയത്‌.

ഓഹരി വിപണിയില്‍ ഈ വര്‍ഷം മാര്‍ച്ചിനു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏറ്റവും ഉയര്‍ന്ന അറ്റനിക്ഷേപം നടത്തുന്നത്‌ ജൂലൈയിലാണ്‌.

കടപ്പത്ര വിപണിയില്‍ നിക്ഷേപിച്ചത്‌ 19,223 കോടി രൂപയാണ്‌. ഇതും ഈ വര്‍ഷം മാര്‍ച്ചിനു ശേഷമുള്ള ഒരു മാസത്തെ ഉയര്‍ന്ന നിക്ഷേപമാണ്‌. ഈ വര്‍ഷം ഇതുവരെ ഓഹരി വിപണിയില്‍ 36,888 കോടി രൂപയും കടപ്പത്ര വിപണിയില്‍ 87,847 കോടി രൂപയുമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നിക്ഷേപിച്ചത്‌.

വിദേശ നിക്ഷേപക സ്ഥാപനങ്ങളും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും ഒരു പോലെ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപം നടത്തുന്ന സാഹചര്യത്തില്‍ സൂചികകളായ നിഫ്‌റ്റിയും സെന്‍സെക്‌സും പുതിയ റെക്കോഡുകളിലേക്കാണ്‌ നീങ്ങിയത്‌.

കഴിഞ്ഞ വെള്ളിയാഴ്‌ച പുതിയ റെക്കോഡ്‌ സ്ഥാപിച്ചതിനു പിന്നാലെ ആദ്യമായി നിഫ്‌റ്റി 24,800 പോയിന്റിന്‌ മുകളിലായി ക്ലോസ്‌ ചെയ്‌തു. ബജറ്റ്‌ അവതരിപ്പിക്കപ്പെട്ട കഴിഞ്ഞയാഴ്‌ച 2966 കോടി രൂപയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്‌.

ജൂലായ്‌ 23ന്‌ ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ ഓഹരി നിക്ഷേപത്തിനുള്ള ഹ്രസ്വകാല മൂലധന നേട്ട നികുതി 15 ശതമാനത്തില്‍ നിന്ന്‌ 20 ശതമാനമായും ദീര്‍ഘകാല മൂലധന നേട്ട നികുതി 10 ശതമാനത്തില്‍ നിന്ന്‌ 12.5 ശതമാനമായും വര്‍ധിപ്പിച്ചിരുന്നു.

ഓഹരി നിക്ഷേപത്തിനുള്ള മൂലധന നേട്ട നികുതി വര്‍ധിപ്പിച്ചാല്‍ വിപണി ഒരു തിരുത്തലിലേക്ക്‌ നീങ്ങുമെന്ന്‌ പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച്‌ മുന്നോട്ടു കുതിക്കുകയാണ്‌ ചെയ്‌തത്‌.

ജൂണില്‍ 26,565 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജൂലൈയിലും കാളകളുടെ റോളില്‍ തുടരുന്നു.

ഏപ്രിലിലും മെയിലും നടത്തിയ തുടര്‍ച്ചയായ വില്‍പ്പനക്കു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജൂണിലും ജൂലൈയിലും ഇന്ത്യന്‍ ഓഹരി വിപണിയിലെ അറ്റനിക്ഷേപകരായി മാറുകയാണ്‌ ചെയ്‌തത്‌.

ഏപ്രിലിലും മെയിലുമായി 34,257 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയിരുന്നത്‌. മെയില്‍ മാത്രം 25,586.33 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.

അതേ സമയം ജൂണിലും ജൂലായിലുമായി 57,000 കോടി രൂപയില്‍ പരം നിക്ഷേപമാണ്‌ നടത്തിയത്‌.