ആദായനികുതി സ്ലാബിൽ മാറ്റം; ഗുണം 10 ലക്ഷം രൂപവരെ വരുമാനം നേടുന്നവർക്ക്
July 23, 2024ന്യൂഡൽഹി: പത്ത് ലക്ഷം രൂപവരെ വാർഷിക വരുമാനം നേടുന്നവർക്ക് ആദായനികുതിയിൽ നേരിയ ഇളവു നൽകുന്ന രീതിയിൽ, പുതിയ നികുതി സ്ലാബ് പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. പുതിയ നികുതി സമ്പ്രദായം സ്വീകരിച്ചവർക്ക് മാത്രമാണ് ഇളവ്. പഴയ സ്കീമിൽ തുടരുന്നവർക്ക് നികുതി നിരക്കിൽ മാറ്റമില്ല. മൂന്ന് ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് മുൻപത്തേതുപോലെ നികുതിയില്ലാതെ തുടരും.
മൂന്ന് മുതൽ ഏഴ് ലക്ഷം വരെ അഞ്ച് ശതമാനമാക്കി. നേരത്തെ മൂന്ന് മുതൽ ആറ് ലക്ഷം വരെ വരുമാനമുള്ളവർക്കായിരുന്നു അഞ്ച് ശതമാനം നികുതി. ഏഴ് മുതൽ 10 ലക്ഷം വരെ 10 ശതമാനം (നേരത്തെ ആറ് മുതൽ ഒമ്പത് ലക്ഷം വരെ), 10 മുതൽ 12 ലക്ഷം വരെ 15 ശതമാനം നികുതി (നേരത്തെ ഒമ്പത് – 12 ലക്ഷം) പുതിയ നികുതി സ്ലാബ്. 12 മുതൽ 15 ലക്ഷം വരെ 20 ശതമാനം (മാറ്റമില്ല), 15 ലക്ഷത്തിന് മുകളിൽ 30 ശതമാനം (മാറ്റമില്ല) എന്നിങ്ങനെയും നികുതിനിരക്ക് തുടരും.
നേരത്തെ 50,000 ആയിരുന്ന ആദായനികുതി ഇളവ് പരിധി 75,000 ആക്കി. പെന്‍ഷന്‍കാര്‍ക്കുള്ള കുടുംബ പെന്‍ഷന്റെ നികുതിയിളവ് 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്തി. കോര്‍പറേറ്റ് നികുതി 35 ശതമാനമായി കുറച്ചു. സാമ്പത്തിക, സാമ്പത്തികേതര ആസ്തികളുടെ ദീര്‍ഘകാല നേട്ടങ്ങള്‍ക്കുള്ള നികുതി 12.5 ശതമാനമായി ഉയര്‍ത്തി. എല്ലാ വിഭാഗം നിക്ഷേപകര്‍ക്കുമുള്ള ഏഞ്ചല്‍ ടാക്‌സ് നിര്‍ത്തലാക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.