ഓഹരി വിപണിയിലെ കരുത്തിൽ സംസ്ഥാനത്തെ കമ്പനികളുടെ മൂല്യം കുതിക്കുന്നു
July 1, 2024 0 By BizNewsകൊച്ചി: ഒരു വർഷത്തിനിടെ കേരളം ആസ്ഥാനമായ അഞ്ച് പ്രമുഖ കമ്പനികളുടെ വിപണി മൂല്യത്തിൽ വൻകുതിപ്പ്.
ഓഹരി വിപണിയിലെ ചരിത്ര മുന്നേറ്റമാണ് മുത്തൂറ്റ് ഫിനാൻസ്, ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്(എഫ്.എ.സി.ടി), കൊച്ചിൻ ഷിപ്പ്‌യാർഡ്, കല്യാൺ ജുവലേഴ്‌സ്, ഫെഡറൽ ബാങ്ക് എന്നിവയുടെ മൂല്യത്തിൽ വൻ വർദ്ധന സൃഷ്ടിച്ചത്.
ചരിത്രത്തിലാദ്യമായി 50,000 കോടി രൂപയിലധികം വിപണി മൂല്യം നേടി കേരളത്തിലെ നാല് കമ്പനികൾ വൻനേട്ടമുണ്ടാക്കി. 72,096 കോടി രൂപയുടെ വിപണി മൂല്യവുമായി മുത്തൂറ്റ് ഫിനാൻസ് കേരളത്തിലെ ഏറ്റവും വലിയ കമ്പനി.
കഴിഞ്ഞ ദിവസം കേന്ദ്ര പൊതുമേഖല കമ്പനിയായ ഫാക്ട് 70,000 കോടി രൂപയിലധികം വിപണി മൂല്യം കൈവരിച്ചെങ്കിലും തുടർദിവസങ്ങളിലെ വില്പന സമ്മർദ്ദം മൂലം നേട്ടം നിലനിറുത്താനായില്ല. ഓഹരി വില കഴിഞ്ഞ ദിവസങ്ങളിൽ താഴേക്ക് നീങ്ങിയതോടെ ഫാക്‌ടിന്റെ വിപണി മൂല്യം 63,849 കോടി രൂപയിലേക്ക് ഇടിഞ്ഞു.
58,276 കോടി രൂപയുടെ വിപണി മൂല്യത്തോടെ കൊച്ചിൻ ഷിപ്പ്‌യാർഡ് തൊട്ടുപിന്നിലുണ്ട്. തൃശൂരിലെ കല്യാൺ ജുവലേഴ്‌സ് 51,649 കോടി രൂപയുടെ വിപണി മൂല്യത്തോടെ സംസ്ഥാനത്തെ നാലാമത്തെ വലിയ കമ്പനിയായി. 43,384 കോടി രൂപയുടെ വിപണി മൂല്യവുമായി ഫെഡറൽ ബാങ്കും കുതിക്കുന്നു.
മുത്തൂറ്റ് ഫിനാൻസ്
കേരളത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസാണ്. ഓഹരി ഒന്നിന് 1,795.83 രൂപ വിലയുള്ള മുത്തൂറ്റ് ഫിനാൻസിന്റെ വിപണി മൂല്യം 72,096 കോടി രൂപയാണ്.
2011 ജൂണിൽ 182 രൂപയായിരുന്നു മുത്തൂറ്റ് ഫിനാൻസ് ഓഹരി വില. ഒരു വർഷത്തിനിടെ ഓഹരി വില 1,166 രൂപയിൽ നിന്ന് 1800 രൂപയിലേക്ക് ഉയർന്നു.
എഫ്എസിടി
കേന്ദ്ര സർക്കാർ കാർഷിക ഉത്പന്നങ്ങളുടെ തറവില കുത്തനെ ഉയർത്തിയതും പൊതു മേഖലയുടെ വളർച്ചയ്ക്ക് കൂടുതൽ ശ്രദ്ധ പതിപ്പിച്ചതുമാണ് എഫ്.എ.സി.ടിയുടെ ഓഹരി വില ഒരുവർഷത്തിനിടെ കുതിച്ചുയരാൻ ഇടയാക്കിയത്.
പതിമൂന്ന് വർഷം മുമ്പ് കമ്പനിയുടെ ഓഹരി വില കേവലം 12.19 രൂപയായിരുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ വില 986.75ൽ എത്തി. ഒരുവർഷത്തിനിടെ കമ്പനിയുടെ ഓഹരി വില 374 രൂപയിൽ നിന്ന് 1,187 രൂപ വരെ ഉയർന്നിരുന്നു.
കൊച്ചിൻ ഷിപ്പ്‌യാർഡ്
പ്രതിരോധ മേഖലയിൽ ആഭ്യന്തര കമ്പനികൾക്ക് പ്രാമുഖ്യം നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന്റെ കരുത്തിലാണ് കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഓഹരി വില കുതിച്ചുയരുന്നത്.
നിലവിൽ കമ്പനിയുടെ വിപണി മൂല്യം 58,246 കോടി രൂപയാണ്. ആറ് വർഷത്തിനിടെ കമ്പനിയുടെ ഓഹരി വിലയിൽ 2,200 രൂപ വരെ വർദ്ധനയുണ്ടായി.
കല്യാൺ ജുവലലേഴ്സ്
ചുരുങ്ങിയ സമയത്തിനുള്ളിലാണ് കല്യാൺ ജുവലേഴ്സിന്റെ വില 122 രൂപയിൽ നിന്ന് 502 രൂപയിലേക്ക് കുതിച്ചുയർന്നത്. അതിവേഗത്തിൽ വിപണി വികസിപ്പിച്ചതും വിദേശ നിക്ഷേപകരുടെ പിന്തുണയുമാണ് കല്യാൺ ജുവലേഴ്‌സിന് ഗുണമായത്.
ഫെഡറൽ ബാങ്ക്
ലാഭക്ഷമതയിലും ബിസിനസിലുമുണ്ടായ മികച്ച മുന്നേറ്റത്തിന്റെ കരുത്തിൽ ഫെഡറൽ ബാങ്കിന്റെ ഓഹരി വില തുടർച്ചയായി മുകളിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ വാരത്തിൽ ബാങ്കിന്റെ ഓഹരി വില 177 രൂപയിലെത്തി.