സ്ഥലം, വീട്, കെട്ടിടങ്ങൾ വിൽപനയും ആദായ നികുതിയും
June 17, 2024വീട്, ഫ്ലാറ്റ്, സ്ഥലം (ഗ്രാമപ്രദേശങ്ങളിലുള്ള കൃഷിഭൂമി ഒഴികെ), വാണിജ്യ കെട്ടിടങ്ങൾ മുതലായവ ആദായ നികുതി നിയമ പ്രകാരം മൂലധന ആസ്തിയായാണ് കണക്കാക്കുന്നത്. ഇതിൽ ഏതെങ്കിലും ആസ്തികളുടെ വിൽപന വഴി ലാഭം കിട്ടിയാൽ നിയമ പ്രകാരം ആദായ നികുതി കൊടുക്കാൻ വിൽപന നടത്തിയവർ ബാധ്യസ്ഥരാണ്. മൂലധന ആസ്തി വിറ്റ് കിട്ടുന്ന ലാഭത്തെ രണ്ടായി തരം തിരിച്ചിട്ടുണ്ട് -ഹ്രസ്വകാല മൂലധന നേട്ടം (ഷോർട്ട് ടേം കാപിറ്റൽ ഗെയിൻ), ദീർഘകാല മൂലധന നേട്ടം (ലോങ് ടേം കാപിറ്റൽ ഗെയിൻ). ഒരാൾ രണ്ടുവർഷത്തിൽ കൂടുതൽ കൈവശംവെച്ച സ്ഥലമോ വീടോ കെട്ടിടമോ വിൽക്കുമ്പോൾ കിട്ടുന്ന ലാഭം ദീർഘകാല നേട്ടവും രണ്ട് വർഷത്തിനുള്ളിൽ വിൽപന നടത്തി കിട്ടുന്നത് ഹ്രസ്വകാല നേട്ടവുമാണ്. പാരമ്പര്യമായി ലഭിച്ച സ്ഥലമോ കെട്ടിടമോ ആണ് വിൽക്കുന്നതെങ്കിലും ഈ നിയമം ബാധകമാണ്.
ഇനി ലാഭം എങ്ങനെയാണ് കണക്കാക്കുക എന്ന് നോക്കാം. ഭൂമി (കൃഷി അല്ലാത്തത്) 10,000 രൂപ മുടക്കി വാങ്ങി രണ്ടു വർഷത്തിനകം 15,000 രൂപക്ക് വിറ്റു എന്ന് കരുതുക. വിൽപനയുമായി ബന്ധപ്പെട്ട് 1000 രൂപ ചെലവായെന്നും കരുതുക. അപ്പോൾ ചെലവ് കഴിച്ചുള്ള 4000 രൂപയാണ് ലാഭം. ഇതിന് നമ്മൾ ആദായ നികുതി അടക്കാൻ ബാധ്യസ്ഥരാണ്. ഹ്രസ്വകാല നേട്ടത്തിന് നികുതി ഇളവുകൾ ഒന്നും ലഭ്യമല്ല. ഈ ഭൂമി/വീട്/കെട്ടിടം രണ്ടു വർഷത്തിൽ കൂടുതൽ കൈവശം വെച്ച ശേഷമാണ് വിൽക്കുന്നതെങ്കിൽ കണക്കുകൂട്ടുന്ന രീതിയിൽ കുറച്ച് മാറ്റങ്ങളുണ്ട്. ലാഭം/നേട്ടം കൂട്ടുന്ന സമയത്ത് പണപ്പെരുപ്പ സൂചികയുടെ ആനുകൂല്യം കൂടി ലഭിക്കും. ഉദാഹരണത്തിന് 2001ൽ 100 രൂപക്ക് വാങ്ങിയ ഭൂമി 2024ൽ 1000 രൂപക്ക് വിൽക്കുന്നു. ഒറ്റനോട്ടത്തിൽ 900 രൂപ ലാഭമാണ്. പക്ഷേ, 100 രൂപ ചെലവായത് 2001ലാണ്. അന്നത്തെ 100 രൂപയുടെ മൂല്യം പണപ്പെരുപ്പം കാരണം ഇന്നത്തെ 100 രൂപക്ക് ഉണ്ടാകില്ല എന്നറിയാലോ. അത് മറികടക്കാൻ വേണ്ടി ഉണ്ടാക്കിയ സൂചികയാണ് ചെലവ് പണപ്പെരുപ്പ സൂചിക.
ഈ പണപ്പെരുപ്പ സൂചികയിലെ പോയന്റുവെച്ച് കൂട്ടിയാൽ 2001ലെ നൂറു രൂപ 2024ൽ 363 രൂപയായി കണക്കാക്കാൻ പറ്റും. (23-24 സാമ്പത്തിക വർഷത്തെ ചെലവ് പണപ്പെരുപ്പ സുചിക പോയന്റ് 348 ആയിരുന്നു, 24-25ൽ അത് 363 പോയന്റ് ആയി കൂടി). അങ്ങനെ കണക്ക് കൂട്ടിയാൽ നമ്മുടെ ലാഭം വിറ്റ വില 1000 രൂപയിൽ നിന്ന് ചെലവ് പണപ്പെരുപ്പ സൂചിക വെച്ച് പുനഃക്രമീകരിച്ച വാങ്ങിയ വില 363 രൂപ കുറച്ചാൽ ലഭിക്കുന്ന 637 രൂപയായിരിക്കും. സാധാരണ ഗതിയിൽ ദീർഘകാല നേട്ടമായ ഈ 637 രൂപക്ക് നമ്മൾ 20 ശതമാനം നികുതി അടക്കാൻ ബാധ്യസ്ഥരാണെങ്കിലും ധാരാളം നികുതി ഇളവുകൾ കിട്ടാനുള്ള വകുപ്പുകൾ നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതെന്തൊക്കെയാണ് എന്നുനോക്കാം. ആദായ നികുതി നിയമം വകുപ്പ് 54: നിങ്ങൾക്ക് ഒരു വീടോ ഫ്ലാറ്റോ വിറ്റ് ദീർഘകാല ലാഭമായി 60 ലക്ഷം രൂപ കിട്ടിയെന്ന് കരുതുക. ഈ ലാഭം നിങ്ങൾ സമയബന്ധിതമായി മറ്റൊരു വീടോ ഫ്ലാറ്റോ വാങ്ങിക്കാനോ നിർമിക്കാനോ വേണ്ടി നിക്ഷേപിക്കുകയാണെങ്കിൽ ഈ 60 ലക്ഷം രൂപക്ക് നികുതി അടക്കേണ്ടതില്ല. പക്ഷേ, നിക്ഷേപം സമയബന്ധിതമായി ചെയ്യുകയും അതിന്റെ റിട്ടേൺ ആദായ നികുതി വകുപ്പിന് സമർപ്പിക്കുകയും വേണം. ഇനി സമയപരിധി എത്രയാണെന്ന് നോക്കാം. പുതിയ വീട് (ഫ്ലാറ്റ്) വാങ്ങുകയാണെങ്കിൽ വിൽപന നടക്കുന്നതിന് (രജിസ്ട്രേഷൻ തീയതി) തൊട്ടുമുമ്പുള്ള ഒരു വർഷത്തിനുള്ളിലോ വിൽപന നടന്ന് രണ്ടുവർഷത്തിനുള്ളിലോ ആയിരിക്കണം. വീട് നിർമിക്കുകയാണെങ്കിൽ വിൽപന നടന്നിട്ട് മൂന്നുവർഷത്തിനുള്ളിൽ ആയിരിക്കണം.
23-24 സാമ്പത്തിക വർഷമാണ് നിങ്ങൾക്ക് ഈ ലാഭം ലഭിച്ചതെങ്കിൽ നിങ്ങൾ റിട്ടേൺ സമർപ്പിക്കേണ്ട നിർദിഷ്ട തീയതി 2024 ജൂലൈ 31 ആണ്. ഈ സമയത്തിനുള്ളിൽ പുതിയ വീട്ടിൽ നിക്ഷേപിക്കുകയോ അല്ലെങ്കിൽ ഈ തുക കാപിറ്റൽ ഗെയിൻ അക്കൗണ്ട് സ്കീം പ്രകാരം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച് മുകളിൽ പറഞ്ഞ സമയപരിധിക്കുള്ളിൽ ഈ തുക വീട് വാങ്ങിക്കാനോ അല്ലെങ്കിൽ നിർമിക്കാനോ ഉപയോഗിച്ചാലും മതിയാകുന്നതാണ്. ഈ പറഞ്ഞ 54 വകുപ്പ് പ്രകാരം ഒരാൾക്ക് ജീവിത കാലത്ത് രണ്ട് വീടുകളിൽ വരെ മാത്രമേ ഈ ഇളവ് നേടാനാകൂ.
ഇനി നിങ്ങൾക്ക് പുതിയ വീട്ടിലോ ഫ്ലാറ്റിലോ കിട്ടുന്ന ലാഭം വകുപ്പ് 54 ഇ.സി പ്രകാരം നിർദിഷ്ട ബോണ്ടുകളിൽ നിക്ഷേപിച്ചാലും നികുതി ബാധ്യതകളിൽ നിന്ന് 50 ലക്ഷം രൂപ ഒഴിവാക്കാൻ പറ്റുന്നതാണ്. സ്ഥലം, വീട്, കെട്ടിടം വിറ്റ് കിട്ടുന്ന ലാഭം വിൽപന നടന്ന് ആറുമാസത്തിനുള്ളിൽ താഴെ പറയുന്ന ബോണ്ടുകളിൽ നിക്ഷേപിക്കാം. അതിന് വർഷാവർഷം പലിശയും ലഭിക്കും. ഈ ബോണ്ടുകളുടെ കാലാവധി അഞ്ചു വർഷമാണ്.
- നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ബോണ്ട്
- റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ ബോണ്ട്
- പവർ ഫൈനാൻസ് കോർപറേഷൻ ബോണ്ട്
- ഇന്ത്യൻ റെയിൽവേ ഫൈനാൻസ് കോർപറേഷൻ ബോണ്ട്.
ഇനി വീട്, ഫ്ലാറ്റ് അല്ലാത്ത വേറെ ഏതെങ്കിലും ദീർഘകാല മൂലധന ആസ്തി വിൽക്കുകയും അതിൽ ലാഭം കിട്ടുകയും ചെയ്താൽ നികുതിബാധ്യത ഒഴിവാക്കാൻ വകുപ്പ് 54 എഫ് പ്രകാരം പുതിയ ഒരു വീട്ടിലോ/ഫ്ലാറ്റിലോ വകുപ്പ് 54ൽ പറഞ്ഞ സമയപരിധിക്കുള്ളിൽ നിക്ഷേപിച്ചാൽ മതിയാകും. പക്ഷേ, ഈ ഇളവ് കിട്ടാൻ നികുതിദായകന് പുതിയതുൾപ്പെടെ രണ്ടിൽ കൂടുതൽ വീടുകൾ ഉണ്ടാകാൻ പാടില്ല.
സ്ഥലവും വീടും കെട്ടിടവും മാത്രമല്ല, സ്വർണം, കമ്പനികളുടെ ഓഹരി, കടപത്രങ്ങൾ തുടങ്ങിയ സെക്യൂരിറ്റികൾ, നഗരപ്രദേശത്തെ കൃഷിഭൂമി തുടങ്ങിയവയൊക്കെ ‘മൂലധന ആസ്തി (കാപിറ്റൽ അസറ്റ്) യാണ്. ഭൂമി, കെട്ടിടങ്ങൾ തുടങ്ങിയവയാണ് രണ്ട് വർഷം കഴിഞ്ഞാൽ ദീർഘകാല ആസ്തിയായി കണക്കാകുക. എന്നാൽ, ലിസ്റ്റഡ് കമ്പനികളുടെ സെക്യൂരിറ്റികൾ ഒരു വർഷം കഴിഞ്ഞാൽ ദീർഘകാല ആസ്തിയായി. അതെല്ലാത്ത എല്ലാ മൂലധന ആസ്തികളും ദീർഘകാല ആസ്തിയായി കണക്കാക്കാൻ മൂന്നുവർഷം കഴിയണം.
ദീർഘകാല നേട്ടത്തിന് 20 ശതമാനമാണ് നികുതി നിരക്ക്. ഹ്രസ്വ കാല നേട്ടത്തിന് ഒരോ വ്യക്തിയുടെയും സ്ലാബ് റേറ്റ് അനുസരിച്ചാണ് നികുതി നിരക്ക് നിർണയിക്കുക. പക്ഷേ, ഒരു വർഷത്തിലധികം കൈവശംവെച്ച (ദീർഘകാല ആസ്തി) ലിസ്റ്റഡ് കമ്പനികളുടെ ഓഹരികൾ നിബന്ധനകൾക്ക് വിധേയമായി വിൽപന നടത്തുമ്പോൾ കിട്ടുന്ന ലാഭത്തിന് ഒരു ലക്ഷം രൂപ വരെ നികുതിയിളവുണ്ട്. അതിന് മുകളിൽ കിട്ടുന്ന ലാഭത്തിന് 10 ശതമാനമാണ് നികുതി. ഒരു വർഷത്തിനുള്ളിലാണ് വിൽപനയെങ്കിൽ നികുതി 15 ശതമാനമായിരിക്കും.