വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്‍റെ 85 ശതമാനം പൂർത്തിയായതായി മന്ത്രി വി എൻ വാസവൻ

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്‍റെ 85 ശതമാനം പൂർത്തിയായതായി മന്ത്രി വി എൻ വാസവൻ

June 11, 2024 0 By BizNews

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണം 85 ശതമാനം പൂർത്തിയായെന്ന് മന്ത്രി വിഎൻ വാസവൻ. അവസാനവട്ട തീരുമാനമെടുക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക് ശേഷം ചർച്ച നടക്കുമെന്നും മന്ത്രി അറിയിച്ചു.

വിഴിഞ്ഞം തുറമുഖ നിര്മ്മാണ കമ്പനിക്ക് പണം അനുവദിക്കാൻ ഹഡ്കോ മുന്നോട്ട് വച്ച നിബന്ധനകൾ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.

വിസിൽ എടുക്കുന്ന വായ്പക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നൽകാനാണ് തീരുമാനം. ജൂൺ അവസാനം ട്രയൽ നടത്താനാകും. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കി.

ഡ്രജിങ്ങ് 98%, പുലിമുട്ട് 81% ബെർത്ത് 92%, യാർഡ് 74% പൂർത്തിയായി. തുറമുഖ വകുപ്പും ഫിഷിംഗ് വകുപ്പ് ഉദ്യോഗസ്ഥരും തൊഴിലാളി സംഘടനകളുമായി മൂന്ന് റൗണ്ട് ചർച്ച നടന്നു.

അതേസമയം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനാരംഭം ഇനി ദിവസങ്ങൾക്കുള്ളിൽ എന്ന വിവരം പങ്കുവെച്ച് മുഖ്യമന്ത്രി.

ഒന്നാംഘട്ട നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കപ്പെട്ട സാഹചര്യത്തിൽ ഇപ്പോൾ തുറമുഖം വ്യവസായിക വിനിമയത്തിന് പ്രവർത്തനസജ്ജമാണ് എന്നും രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ നിർമാണവും ഉടൻ തുടങ്ങുകയാണെന്ന സന്തോഷവാർത്തയും എല്ലാവരുമായും പങ്കുവെക്കുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.

2045 ഓടെ പൂർത്തിയാക്കാൻ ഉദ്ദേശിച്ചിരുന്ന നാലാം ഘട്ടം വരെയുള്ള തുറമുഖത്തിന്റെ സമ്പൂർണ്ണനിർമാണമാണ് 2028 ൽ കമ്മീഷൻ ചെയ്യാൻ ലക്ഷ്യമിട്ടു ഇപ്പോൾ തുടങ്ങുന്നത്.

ഇതോടുകൂടി കേരളത്തിന്റെ നിക്ഷേപ അന്തരീക്ഷം സൃഷ്ടിപരമായി മെച്ചപ്പെടുത്തുന്നതിൽ വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖം നിർണ്ണായക പങ്ക് വഹിക്കും എന്നതിൽ സംശയമില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.