വണ്ടര്‍ലായുടെ നാലാംപാദ ലാഭം കുറഞ്ഞു

വണ്ടര്‍ലായുടെ നാലാംപാദ ലാഭം കുറഞ്ഞു

May 18, 2024 0 By BizNews

പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്ക് ശൃഖലയായ വണ്ടര്‍ലാ ഹോളിഡേയ്‌സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) ജനുവരി-മാര്‍ച്ച് പാദത്തില്‍ 22.60 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി.

മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തിലെ 35.23 കോടി രൂപയേക്കാള്‍ 35.9 ശതമാനം കുറവാണിത്. ഇക്കഴിഞ്ഞ ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ 37.35 കോടി രൂപയുമായി നോക്കുമ്പോള്‍ 39.5 ശതമാനത്തിന്റെ കുറവുണ്ട്.

മൊത്ത വരുമാനം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പാദത്തിലെ 112.6 കോടി രൂപയില്‍ നിന്ന് 6.9 ശതമാനം കുറഞ്ഞ് 104.8 കോടി രൂപയായി. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തിലിത് 117.75 കോടി രൂപയായിരുന്നു.

വാര്‍ഷിക ലാഭം
നാലാം പാദത്തില്‍ വരുമാനവും ലാഭവും ഇടിഞ്ഞെങ്കിലും മൊത്തം സാമ്പത്തികവര്‍ഷത്തിൽ വളർച്ചയുണ്ട്. കമ്പനിയുടെ വാര്‍ഷിക മൊത്ത വരുമാനം 506 കോടി രൂപയായി. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 452.4 കോടി രൂപയായിരുന്നു.

കമ്പനിയുടെ ലാഭം 2024 സാമ്പത്തിക വര്‍ഷത്തില്‍ 157 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 148 കോടി രൂപയായിരുന്നു.

ഓഹരിയൊന്നിന് 2.50 രൂപ വീതം അന്തിമ ലാഭവിഹിതവും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.