സ്വർണ്ണവില കുറഞ്ഞു; പവനുണ്ടായത് 240 രൂപയുടെ കുറവ്
May 11, 2024കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു. പവന്റെ വിലയിൽ 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 53,800 രൂപയായാണ് ഒരു പവൻ സ്വർണ്ണത്തിന്റെ വില കുറഞ്ഞത്. ഗ്രാമിന് 30 രൂപയുടെ കുറവും ഉണ്ടായി. ഗ്രാമിന് 6725 രൂപയായാണ് വില കുറഞ്ഞത്.
കഴിഞ്ഞ ദിവസം സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. 54,040 രൂപയായാണ് വില ഉയർന്നത്. അക്ഷയതൃതിയ ദിനമായ ഇന്നലെ രണ്ട് തവണ സ്വർണ്ണവിലയിൽ മാറ്റം വന്നിരുന്നു.അക്ഷയതൃതീയ ദിനത്തിൽ രാജ്യത്ത് വ്യാപാരികൾ 20 മുതൽ 23 ടൺ വരെ സ്വർണ്ണം വിറ്റിരുന്നു. ആൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടറും എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷററുമായ അഡ്വ. എസ്. അബ്ദുൽ നാസറാണ് ഇക്കാര്യം അറിയിച്ചത്.
അന്താരാഷ്ട്ര വിപണിയിൽ ജൂണിലേക്കുള്ള സ്വർണ്ണത്തിന്റെ ഭാവി വിലകൾ 1.5 ശതമാനം ഉയർന്നു. ഔൺസിന് 2,375 ഡോളറായാണ് വില ഉയർന്നത്. സെപ്റ്റംബറിൽ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറക്കുമെന്ന വാർത്തയാണ് സ്വർണ്ണത്തിന് കരുത്തായത്.