രാകേഷ് ജുൻജുൻവാലയുടെ ഭാര്യക്ക് ഓഹരി വിപണിയിൽ ഒറ്റദിവസമുണ്ടായത് 800 കോടിയുടെ നഷ്ടം

രാകേഷ് ജുൻജുൻവാലയുടെ ഭാര്യക്ക് ഓഹരി വിപണിയിൽ ഒറ്റദിവസമുണ്ടായത് 800 കോടിയുടെ നഷ്ടം

May 7, 2024 0 By BizNews

ന്യൂഡൽഹി: അന്തരിച്ച പ്രമുഖ ഓഹരി നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയുടെ ഭാര്യക്ക് ഒറ്റദിവസം വിപണിയിലുണ്ടായത് 800 കോടിയുടെ നഷ്ടം. ടൈറ്റാൻ കമ്പനിയുടെ ഓഹരി വിലയിലുണ്ടായ ഇടിവാണ് രേഖ ജുൻജുൻവാലക്ക് തിരിച്ചടിയായത്. കഴിഞ്ഞ ദിവസം നാലാംപാദ ലാഭഫലം പുറത്ത് വന്നതിന് പിന്നാലെ ടൈറ്റാന്റെ ഓഹരി വില അഞ്ച് ശതമാനം ഇടിഞ്ഞിരുന്നു.

ടൈറ്റാനിൽ 5.35 ശതമാനം ഓഹരിയാണ് രേഖ ജുൻജുൻവാലക്കുള്ളത്. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം ഈ ഓഹരികളുടെ മൂല്യം 16,792 കോടിയാണ്. എന്നാൽ, തിങ്കളാഴ്ച വ്യാപാരം അവസാനിപ്പി​ച്ചപ്പോൾ ഓഹരികളുടെ മൂല്യം 15,896 കോടിയായി കുറഞ്ഞു. 805 കോടിയുടെ നഷ്ടമാണ് രേഖ ജുൻജുൻവാലക്കുണ്ടായത്.

ഓഹരി വിപണിയിൽ ടെറ്റാന്റെ വിപണിമൂല്യത്തിലും കുറവ് രേഖപ്പെടുത്തി. 3.13 ലക്ഷം കോടിയിൽ നിന്നും 2.98 ലക്ഷം കോടിയായാണ് വിപണിമൂല്യം കുറഞ്ഞത്. ബി.എസ്.ഇയിൽ ടൈറ്റാന്റെ ഓഹരികളുടെ വില 3,352 രൂപയായി കുറഞ്ഞിരുന്നു. നാലാംപാദത്തിൽ​ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ ടൈറ്റാന് സാധിച്ചിരുന്നില്ല.

ലാഭത്തിൽ ഏഴ് ശതമാനത്തിന്റെ വർധനയാണ് ടൈറ്റാന് രേഖപ്പെടുത്തിയത്. ലാഭം 734 കോടിയിൽ നിന്നും 786 കോടിയായി ഉയർന്നിരുന്നു. കമ്പനിയുടെ വരുമാനം 17 ശതമാനം ഉയർന്ന് 10,047 കോടിയായി.