ക്യാഷ് റീസൈക്ലിംഗ് മെഷീനുകളുമായി ഹിറ്റാച്ചി
April 30, 2024 0 By BizNewsരാജ്യത്തെ പുതിയ എടിഎമ്മുകൾ സ്ഥാപിക്കാൻ ഒരുങ്ങി ഹിറ്റാച്ചി പെയ്മെന്റ് സർവീസസ്. പുതിയതായി അവതരിപ്പിക്കുന്ന എടിഎമ്മുകൾ എപ്പോൾ വേണമെങ്കിലും ക്യാഷ് റീസൈക്ലിംഗ് മെഷീൻ ആക്കി മാറ്റാൻ സാധിക്കുന്നവയാണ്.
ഒരേസമയം പണം പിൻവലിക്കാനും പണം നിക്ഷേപിക്കാനും സാധിക്കുന്നവയാണ് ക്യാഷ് റീസൈക്ലിംഗ് മെഷീനുകൾ. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരമാണ് ഹിറ്റാച്ചി പെയ്മെന്റ് സർവീസ് പുതിയ എടിഎമ്മുകൾ നിർമ്മിച്ചിരിക്കുന്നത്.
എപ്പോൾ വേണമെങ്കിലും പരിഷ്കരിക്കാവുന്ന തരത്തിൽ ഇത് ആദ്യമായാണ് രാജ്യത്ത് എടിഎമ്മുകൾ സ്ഥാപിക്കുന്നതെന്ന് കമ്പനി അറിയിച്ചു. രാജ്യത്ത് നിലവിൽ 2,64,000 എടിഎമ്മുകളാണ് പ്രവർത്തിക്കുന്നത്.
ഇതിൽ 76,000 എണ്ണവും ഹിറ്റാച്ചിയാണ് നിർമ്മിച്ചത്. അടുത്ത എട്ടു വർഷത്തിനുള്ളിൽ ഒരു ലക്ഷത്തോളം ക്യാഷ് റീസൈക്ലിങ് മെഷീനുകൾ സ്ഥാപിക്കാൻ സാധിക്കും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ എല്ലാം ഇപ്പോൾ ബാങ്കുകൾ ക്യാഷ് റീസൈക്ലിംഗ് മെഷീനുകൾ ആണ് സ്ഥാപിക്കുന്നത്. ബാങ്കിന്റെ ശാഖകളിൽ എത്തി മാത്രം പണം നിക്ഷേപിക്കുന്ന സംവിധാനം ബാങ്കുകളിൽ തിരക്ക് ഉണ്ടാക്കുന്നു എന്നത് കണക്കിലെടുത്താണ് ക്യാഷ് റീസൈക്ലിംഗ് മെഷീനുകൾ സ്ഥാപിക്കുന്നത്.
അതേസമയം ഗ്രാമീണ മേഖലകളിൽ എല്ലാം ഇപ്പോഴും എടിഎമ്മുകൾ മാത്രമാണ് ഉള്ളത്. ഇവിടെ പണം പിൻവലിക്കാൻ മാത്രമാണ് ഇടപാടുകാർക്ക് അവസരം ഉള്ളത്. കാഷ് റീസൈക്ലിംഗ് മെഷീനുകൾ കൂടുതലായി സജ്ജമാക്കുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും.
ഹിറ്റാച്ചി പുതിയതായി നിർമ്മിച്ച ക്യാഷ് റീസൈക്ലിംഗ് മെഷീനുകളിൽ യുപിഐ ഉപയോഗിച്ച് പണം പിൻവലിക്കാനും നിക്ഷേപിക്കാനും സാധിക്കും. അടുത്തിടെയാണ് റിസർവ് ബാങ്ക് എടിഎമ്മുകളിൽ യുപിഐ വഴി പണം നിക്ഷേപിക്കാനും പിൻവലിക്കാനും ഉള്ള അവസരം ഒരുക്കണമെന്ന് ബാങ്കുകളുടെ ആവശ്യപ്പെട്ടത്.
ഇതോടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ യു.പി.ഐവഴി പണം നിക്ഷേപിക്കാൻ സാധിക്കും. ഡെബിറ്റ് കാർഡ് ഉപയോഗിച്ചാണ് ഇതുവരെ പണം നിക്ഷേപിക്കാൻ കഴിഞ്ഞിരുന്നത്.
യു.പി.ഐ വഴി പണം പിൻവലിക്കുന്നതോടൊപ്പം നിക്ഷേപിക്കാനും എ.ടി.എം വഴി സാധിക്കും.